പുതിയ എന്‍എച്ച്എസ് കരാറില്‍ ഉടക്കിട്ട് ജിപിമാര്‍; സര്‍വീസുകളെ സ്തംഭിപ്പിക്കും
പുതിയ എന്‍എച്ച്എസ് കോണ്‍ട്രാക്ടിന്റെ പേരിലുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് ഇംഗ്ലണ്ടിലെ പകുതിയോളം ജിപി പ്രാക്ടീസുകളും ഏതെങ്കിലും വിധത്തിലുള്ള പ്രതിഷേധ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി സര്‍വ്വെ. ഈ മാസം ആദ്യമാണ് കരാറിനെ സംബന്ധിച്ച് വോട്ട് ചെയ്ത് പ്രതിഷേധ നടപടികള്‍ തുടങ്ങാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളായ ഫാമിലി ഡോക്ടര്‍മാര്‍ തീരുമാനിച്ചത്.
സേവനങ്ങള്‍ മെല്ലെപ്പോക്കിലേക്ക് മാറ്റി എന്‍എച്ച്എസ് സേവനങ്ങള്‍ സ്തംഭിപ്പിക്കുമെന്നാണ് യൂണിയന്‍ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതിനകം തന്നെ ഏതെങ്കിലും വിധത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചതായി പള്‍സ് ട്രേഡ് മാഗസിന്‍ 283 ജിപി പാര്‍ട്ണര്‍മാര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെ കണ്ടെത്തി. 46 ശതമാനം പേരാണ് പ്രതിഷേധം തുടങ്ങിയതായി അറിയിച്ചത്. മറ്റൊരു 20 ശതമാനം അധികം വൈകാതെ നടപടിയിലേക്ക് നീങ്ങും.
കേവലം 7 ശതമാനം മാത്രമാണ് സമരനടപടികള്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചത്. പുതിയ കരാറില്‍ 1.9 ശതമാനം മാത്രം വരുന്ന ബജറ്റ് വര്‍ദ്ധന പല സര്‍ജറികളുടെയും നിലനില്‍പ്പിനെ ബാധിക്കുമെന്നാണ് ബിഎംഎയുടെ പ്രധാന ആരോപണം. 8500 വോട്ടുകളില്‍ 98.3 ശതമാനം പേരുടെയും പിന്തുണയോടെയാണ് സമരത്തിലേക്ക് നീങ്ങാന്‍ അനുമതി ലഭിച്ചത്.
രോഗികളെ കാണുന്നത് വെട്ടിക്കുറച്ച് 25 ആയി ചുരുക്കുന്നത് ഉള്‍പ്പെടെ 10 ഇന നടപടികളാണ് ബിഎംഎ ജിപി ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ വെച്ചിട്ടുള്ളത്. എന്നാല്‍ ഇത് പൊതുജനങ്ങളെ ശിക്ഷിക്കുന്നതാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് മുന്നറിയിപ്പ് നല്‍കി.