ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേരുടെ ജീവനെടുത്ത കൂട്ടക്കൊലയില്‍ നടന്ന റിവ്യൂ തിരിച്ചറിഞ്ഞത് ഗുരുതര വീഴ്ചകള്‍. സൈക്കോ കൊലയാളി വാല്‍ഡോ കാലോകെയിനെ നിരപരാധികളുടെ ജീവനെടുക്കുന്ന നിലയില്‍ കെട്ടഴിച്ച് വിട്ടത് ഡോക്ടര്‍മാരുടെയും, പോലീസിന്റെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചകളെന്ന് റിവ്യൂ റിപ്പോര്‍ട്ട് പറയുന്നു. കൊലയാളിയുടെ ചികിത്സയിലിണ്ടായ നിരവധി പിഴവുകളും, ഒഴിവാക്കലുകളും, തെറ്റിദ്ധാരണകളും ചേര്‍ന്നാണ് കഴിഞ്ഞ വര്‍ഷം നോട്ടിംഗ്ഹാമില്‍ ഇന്ത്യന്‍ വംശജ ഉള്‍പ്പെടെ മൂന്ന് പേരെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട് കണ്ടെത്തി.
കാലോകെയിന്‍ മൂന്നോട്ട് വെയ്ക്കുന്ന ഗുരുതര അപകടങ്ങള്‍ ഡോക്ടര്‍മാര്‍ ചെറുതായി കാണുകയോ, ഒഴിവാക്കുകയോ ചെയ്‌തെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മൂന്ന് വര്‍ഷം മുന്‍പ് പാരാനോയ്ഡ് ഷീസോഫ്രെനിയ തിരിച്ചറിഞ്ഞ കൊലയാളി പൊതുജനങ്ങള്‍ക്ക് സൃഷ്ടിക്കുന്ന അപകടം സ്ഥിരീകരിക്കുന്നതിലാണ് വീഴ്ചകള്‍ സംഭവിച്ചത്.
റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകങ്ങളുടെ രക്തക്കറ ഡോക്ടര്‍മാരുടെയും, പോലീസിന്റെയും കരങ്ങളിലുണ്ടെന്ന് ഇരകളുടെ കുടുംബങ്ങള്‍ വിമര്‍ശിച്ചു. 19 വയസ്സ് മാത്രമുണ്ടായിരുന്ന വിദ്യാര്‍ത്ഥികളായ ബാര്‍ണാബെ വെബ്ബര്‍, ഗ്രേസ് ഒ'മാലി കുമാര്‍ എന്നിവര്‍ക്കാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 13ന് കൊലയാളിയുടെ അക്രമത്തിന് ഇരയായി ജീവന്‍ നഷ്ടമായത്. ഇതിന് ശേഷം കെയര്‍ടേക്കറായ 65-കാരന്‍ ഇയാന്‍ കോട്‌സും കൊല്ലപ്പെട്ടു.
മൂന്ന് കൊലകള്‍ നടത്തുന്നതിന് മുന്‍പ് കാലോകെയിനുമായി നോട്ടിംഗ്ഹാംഷയര്‍, ലെസ്റ്റര്‍ഷയര്‍ പോലീസ് സേനകള്‍ ബന്ധപ്പെട്ടിരുന്നുവെന്നതും ഇരകളുടെ കുടുംബങ്ങളെ ചൊടിപ്പിക്കുന്നു. ഇയാളെ ആശുപത്രി ഡിസ്ചാര്‍ജ്ജ് ചെയ്തതില്‍ കുടുംബം തന്നെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതൊന്നും പരിഗണിക്കാതെ തുറന്നുവിട്ടതോടെയാണ് കാലോകെയിന്‍ നിരപരാധികളുടെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്.