ബ്രിട്ടനിലെ ട്രെയിനുകളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സുരക്ഷിതമായി യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതി. ആയിരക്കണക്കിന് സ്ത്രീകളും പെണ്‍കുട്ടികളുമാണ് ട്രെയിനില്‍ ഓരോ വര്‍ഷവും ഗുരുതരമായ അക്രമങ്ങള്‍ക്കും, ലൈംഗിക അതിക്രമങ്ങള്‍ക്കും ഇരകളാകുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കിടെ ഗുരുതര അക്രമങ്ങളുടെ എണ്ണം 50 ശതമാനത്തോളം വര്‍ദ്ധിച്ചു. 2021-ല്‍ 7561 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023-ല്‍ 11,357 കേസുകളായി വര്‍ദ്ധിച്ചെന്ന് ടൈംസ് റിപ്പോര്‍ട്ട് പറയുന്നു. ലൈംഗിക അതിക്രമങ്ങളാകട്ടെ ഈ കാലയളവില്‍ 10 ശതമാനം ഉയര്‍ന്നു. 2235 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2475 കേസുകളായാണ് ഉയര്‍ന്നത്.
അതേസമയം, ലൈംഗിക പീഡന കേസുകള്‍ 1908 ആയും ഉയര്‍ന്നു. സുരക്ഷിതമാണോയെന്ന് അന്വേഷിച്ച ശേഷം മാത്രം സ്ത്രീകള്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ വരരുതെന്ന് സ്ത്രീകള്‍ക്കും, പെണ്‍കുട്ടികളെയും സംരക്ഷിക്കുകയും, അക്രമങ്ങളെ തടയാനും ചുമതലയുള്ള മന്ത്രാലയത്തിലെ മന്ത്രി ജെസ് ഫിലിപ്‌സ് പറഞ്ഞു.
'എന്നാല്‍ ഇതാണ് ലക്ഷക്കണക്കിന് സ്ത്രീകളുടെ അവസ്ഥ. അവര്‍ ജോലിക്കായി യാത്ര ചെയ്യുകയോ, സുഹൃത്തുക്കള്‍ക്കൊപ്പം വൈകുന്നേരം പുറത്തിറങ്ങാനോ ആലോചിച്ചാല്‍ ഇത് ചിന്തിക്കും. വീട്ടില്‍ പോകാന്‍ രാത്രി ബസിലോ, ആളില്ലാത്ത ട്രെയിനിലോ കയറുന്നത് ജീവന്‍ കൈയില്‍ പിടിച്ചാകരുത്', അവര്‍ വ്യക്തമാക്കി.
അക്രമികളെ പിടികൂടുന്നതിനോ അതുവഴി അതിക്രമം തടയുന്നതിനോ പൊലീസിന് കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.