കാന്‍സര്‍ രോഗത്തോട് പോരടിച്ച് ജയിച്ചാലും മുക്തി നേടിയവര്‍ക്ക് സാമ്പത്തിക വിവേചനം തുടരുന്നു. രോഗം മാറി വര്‍ഷങ്ങള്‍ കഴിഞ്ഞാലും മുക്തി നേടിയവര്‍ക്ക് മോര്‍ട്ട്‌ഗേജ്, ഇന്‍ഷുറന്‍സ് പ്രീമിയങ്ങള്‍ കുത്തനെ ഉയരുകയാണ്. മറ്റേത് രോഗവും പോലെ മരുന്ന് കഴിച്ച് മുന്നോട്ട് പോകാവുന്നതല്ല ഇത്. ശക്തമായ മാനസിക പോരാട്ടം നടത്തി രോഗത്തെ ജയിച്ചാലും പുറമെ നിന്നും ആ പിന്തുണ ലഭിക്കുമെന്ന് ഉറപ്പില്ല.
കാന്‍സറിനെ തോല്‍പ്പിച്ചവര്‍ മോര്‍ട്ട്‌ഗേജിനും, ഇന്‍ഷുറന്‍സിനുമായി സമീപിക്കുമ്പോഴാണ് ഈ വിവേചനം നേരിടേണ്ടി വരുന്നത്. രോഗമുക്തി നേടി വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഇതാണ് സ്ഥിതിയെന്ന് പഠനം വെളിപ്പെടുത്തി. യൂറോപ്പിലെ 20 മില്ല്യണിലേറെ കാന്‍സര്‍ രോഗമുക്തി നേടിയവര്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് സാമ്പത്തിക സേവനങ്ങള്‍ നേടുന്നത് ബുദ്ധിമുട്ടാണെന്ന് തിരിച്ചറിയുന്നത്.
ട്രാവല്‍ ഇന്‍ഷുറന്‍സ് ലഭിക്കുന്നത് പോലും വളരെ ബുദ്ധിമുട്ടിയാണ്. യുകെയിലെ പകുതിയോളം കാന്‍സര്‍ രോഗമുക്തി നേടിയവര്‍ക്കും യാഥാസ്ഥിതിക എസ്റ്റിമേറ്റാണ് ലഭിച്ചത്. കാന്‍സര്‍ മുക്തരെന്ന് സ്ഥിരീകരിച്ചാലും സ്ഥാപനങ്ങള്‍ ഇത് പരിഗണിക്കുന്നില്ല.
ഇതോടെ സേവനങ്ങള്‍ നിഷേധിക്കപ്പെടുകയോ, വളരെ ഉയര്‍ന്ന തുക പ്രീമിയമായി നല്‍കേണ്ടി വരികയോ ചെയ്യുന്നു. കാന്‍സര്‍ രോഗമുക്തി നേടിയവര്‍ക്കിടയില്‍ സാമ്പത്തിക തിരിച്ചടി വളരെ പ്രസക്തമാണെന്ന് പഠനം നടത്തിയ ബെല്‍ഫാസ്റ്റ് ക്യൂന്‍സ് യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മാര്‍ക്ക് ലോളര്‍ പറഞ്ഞു.