യുകെയിലെ എ ലെവല്‍ പരീക്ഷാ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. എ സ്റ്റാര്‍, എ ഗ്രേഡുകള്‍ ലഭിച്ച വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. ഗണിതത്തിലും ശാസ്ത്ര വിഷയങ്ങളിലും വിദ്യാര്‍ഥികള്‍ മികച്ച വിജയം കൈവരിച്ചതായാണ് പരീക്ഷാ ഫലങ്ങള്‍ നല്‍കുന്ന സൂചന. 27.6% വിദ്യാര്‍ഥികള്‍ക്കാണ് എ ഗ്രേഡും അതിന് മുകളിലും ലഭിച്ചിട്ടുള്ളത്. ഗ്രേഡ് സി അതിനുമുകളിലും ഉള്ള ഫലങ്ങള്‍ 76.0% ആണ്. ഫലങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യത്തുടനീളം മികച്ച വിജയമാണ് മലയാളി വിദ്യാര്‍ഥികള്‍ കൈവരിച്ചിരിക്കുന്നത്.
മുഴുവന്‍ വിഷയങ്ങള്‍ക്കും എ സ്റ്റാര്‍ നേടിയ മാഞ്ചസ്റ്ററില്‍ നിന്നുള്ള ആന്‍ മരിയ രാജു യുകെ മലയാളികള്‍ക്ക് അഭിമാനമായി. ജി സി എസ് ഇ യിലും ആന്‍ മരിയ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് പ്ലസ് നേടിയിരുന്നു. എംസിഡി ലിമിറ്റഡിലെ കസ്റ്റമര്‍ കെയര്‍ ലീഡറായ രാജു ഉതുപ്പന്റെയും മാഞ്ചസ്റ്റര്‍ റോയല്‍ ഐ ഹോസ്പിറ്റലിലെ ഡപ്യൂട്ടി മാനേജരായ ലിന്‍സി ന്റെയും ഏക മകളായ ആന്‍ മരിയ രാജു മാഞ്ചസ്റ്ററിലെ സിക്‌സ്ത് ഫോം ആള്‍ട്ടറിങ്ഹാം ഗ്രാമര്‍ സ്‌കൂളില്‍ ആണ് പഠിച്ചത്. 21 വര്‍ഷം മുന്‍പ് യുകെയിലെത്തിയ ആന്‍ മരിയയുടെ മാതാപിതാക്കള്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ സ്വദേശികള്‍ ആണ്. ഫലം പുറത്തുവന്നതിനെ തുടര്‍ന്ന് കേംബ്രിജ് യൂണിവേഴ്സിറ്റിയില്‍ അഡ്മിഷന്‍ ലഭിച്ചതിന്റെ സന്തോഷത്തിലാണ് ആന്‍ മരിയ.
ലൂട്ടനിലെ ഇരട്ട സഹോദരിമാരായ സെറീനയ്ക്കും സാന്ദ്രയ്ക്കും മൂന്നു വിഷയങ്ങളില്‍ എ സ്റ്റാര്‍ ലഭിച്ചു. ലൂട്ടന്‍ കാര്‍ഡിനാള്‍ വൈസ് മെന്‍ കാത്തോലിക്ക് സ്‌കൂളിലാണ് ഇരുവരും പഠിച്ചത്. കുമരകം സ്വദേശികളായ നോബിയുടെ ജെന്നികയുടെയും മക്കളായ ഇരുവരും ബാത്ത് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ഉപരിപഠനം നടത്താനുള്ള തയ്യാറെടുപ്പിലാണ്. രണ്ടു പേരും ജിസിഎസ് ഇക്കും എ ലെവലിലും ഒക്കെ പഠിച്ചത് ഒരേ വിഷയങ്ങള്‍ തന്നെ. ലൂട്ടന്‍ കേരളൈറ്റ് അസോസിയേഷന്‍ സജീവ അംഗങ്ങള്‍ കൂടിയാണ് ഈ കുടുംബം.
ഓക്‌സ്‌ഫോര്‍ഡ്ഷെയറിലെ ബാന്‍ബറിയില്‍ സ്‌കൂള്‍ ടോപ്പറയാണ് ആല്‍ഫ്രഡ് ആന്റണി മികച്ച വിജയം കൈവരിച്ചത്. മൂന്നു വിഷയങ്ങളില്‍ എ സ്റ്റാറും ഒരു വിഷയത്തില്‍ എയും നേടിയാണ് ഈ മിടുക്കന്‍ നാട്ടുകാര്‍ക്കും അഭിമാനമായി മാറുന്നത്.
യൂണിവേഴ്സിറ്റി കോളേജ് ലണ്ടനില്‍ ബയോ കെമിസ്ട്രി പഠനത്തിനു ലക്ഷ്യമിടുന്ന ആല്‍ഫ്രഡ് ഭാവിയില്‍ ഗവേഷണമാണ് തന്റെ മേഖലയായി തിരഞ്ഞെടുക്കുന്നത്. ജിസിഎസ്ഇയിലും സ്‌കൂളിലെ മികച്ച വിജയമാണ് ആല്‍ഫ്രഡ് സ്വന്തമാക്കിയത്. ബാന്‍ബറി മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ആന്റണി വര്‍ഗീസിന്റെയും നേഴ്സിങ് ഹോം മാനേജരും നോര്‍ത്തപ്റ്റന്‍ ഷെയര്‍ സോഷ്യല്‍ കെയര്‍ നേഴ്സിങ് അഡൈ്വസറി കൗണ്‍സില്‍ അംഗവും രജിസ്റ്റേര്‍ഡ് മാനേജര്‍ നെറ്റ്വര്‍ക് ഗ്രൂപ്പ് ചെയര്‍ കൂടിയായ ജയന്തി ആന്റണിയുടെയും മകനാണ് ആല്‍ഫ്രഡ് .
നോര്‍ത്താംപ്ടണില്‍ മിന്നും വിജയം നേടിയ കിരണ്‍ മനോജിനു രണ്ട് വിഷയങ്ങളില്‍ എ സ്റ്റാറും രണ്ടു വിഷയങ്ങളില്‍ എ യും ആണ് ലഭിച്ചത്. വൈക്കം സ്വദേശി മനോജിന്റെയും നോര്‍ത്താംപ്ടണ്‍ ഹോസ്പിറ്റലിലെ നേഴ്സായ ദീപയുടെയും മകനായ കിരണ്‍ ബാത്ത് യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിക്കാന്‍ തയ്യാറെടുക്കുകയാണ്.
മനോജ് നോര്‍ത്താംപ്ടണ്‍ ഹോസ്പിറ്റലില്‍ റീനല്‍ ചാര്‍ജ് നേഴ്സും ദീപ കെയര്‍ ഹോം നേഴ്‌സ് ആയും സേവനം ചെയ്യുന്നു. ഏക സഹോദരി കീര്‍ത്തി ഒന്‍പതാം ക്ളാസ് വിദ്യാര്‍ത്ഥിനിയാണ്. ജിസിഎസ്ഇയില്‍ ഒന്‍പതു വിഷയങ്ങളില്‍ ഡബിള്‍ സ്റ്റാര്‍ നേടിയാണ് രണ്ടു വര്‍ഷം മുന്‍പ് കിരണ്‍ നാടിനു അഭിമാനമായത്.