ഷെഫീല്‍ഡില്‍ അരങ്ങേറിയ എയര്‍ റൈഫിള്‍ വെടിവെപ്പില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് കൗമാരക്കാര്‍ ഉള്‍പ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ഈസ്റ്റ് ഷെഫീല്‍ഡിലെ റിച്ച്മണ്ട് പാര്‍ക്ക് അവന്യൂവില്‍ ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2.23-ഓടെയാണ് സംഭവങ്ങള്‍ നടന്നത്.
ഏഴ് മുതല്‍ 15 വരെ പ്രായമുള്ള അഞ്ച് കുട്ടികള്‍ക്കും, ഒരു 62-കാരിക്കുമാണ് വെടിവെപ്പില്‍ പരുക്കേറ്റത്. മൂന്ന് കുട്ടികളുടെ ശരീരത്തില്‍ തുളച്ചുകയറിയ പെല്ലറ്റുകള്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യേണ്ടതായി വന്നു. അഞ്ച് പേരെയാണ് അക്രമങ്ങളില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
15 വയസുള്ള പെണ്‍കുട്ടിയും, 15, 16 വയസ്സുകാരായ രണ്ട് ആണ്‍കുട്ടികളും, ഒരു 18-കാരനുമാണ് പിടിയിലായിട്ടുള്ളത്. ആയുധങ്ങള്‍ കൈവശം വെച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിട്ടുണ്ട്. ഒരു വീട്ടില്‍ നിന്നും പ്രതികളെ പിടികൂടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
സംഭവം അന്വേഷിക്കുന്ന സൗത്ത് യോര്‍ക്ക്ഷയര്‍ പോലീസ് പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. ഷെഫീല്‍ഡിലെ സ്‌കൂളില്‍ 17 വയസ്സുകാരന്‍ നടത്തിയ അക്രമത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതിന് പിന്നാലെയാണ് വെടിവെപ്പ് നടന്നത്.