കഴിഞ്ഞ വര്‍ഷം ആദ്യമായി വീട് വാങ്ങുന്ന മക്കളെ സഹായിക്കാന്‍ മാതാപിതാക്കള്‍ നല്‍കിയത് 9.4 ബില്ല്യണ്‍ പൗണ്ട്. അഞ്ച് വര്‍ഷം മുന്‍പത്തേക്കാള്‍ ഇരട്ടിയാണ് ഈ കണക്കുകളെന്ന് ഗവേഷണം വ്യക്തമാക്കി. 2023-ല്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ പ്രവേശിക്കാന്‍ സാധിച്ച 57 ശതമാനം പേര്‍ക്കും മാതാപിതാക്കളുടെയോ, കുടുംബാംഗങ്ങളുടെയോ സഹായം ലഭിച്ചുവെന്നും വ്യക്തമായി.
2023-ല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുതിച്ചുയര്‍ന്നതോടെയാണ് മാതാപിതാക്കളുടെ സഹായത്തില്‍ കുത്തനെ വര്‍ദ്ധനവുണ്ടായത്. 2019-ല്‍ 5 ബില്ല്യണ്‍ പൗണ്ടായിരുന്നുവെങ്കില്‍ 2022-ല്‍ ഇത് 8.8 ബില്ല്യണ്‍ പൗണ്ടായി ഉയര്‍ന്നതിന് ശേഷമാണ് വീണ്ടും വര്‍ദ്ധിച്ചത്.
ഇതിന് പുറമെ പല ഭാഗത്തും വന്‍തോതിലുള്ള വാടക വര്‍ദ്ധന നേരിട്ടതിനാല്‍ വീട് വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനുള്ള തുക സേവ് ചെയ്യാനും സാധിച്ചിട്ടില്ല. ഈ ഘട്ടത്തിലാണ് കുറവ് വരുന്ന തുക നല്‍കാന്‍ കുടുംബങ്ങള്‍ക്ക് രംഗത്തിറങ്ങേണ്ടി വന്നത്.
2013-ല്‍ ഹെല്‍പ്പ് ടു ബൈ സ്‌കീം ആരംഭിച്ച ശേഷം ആദ്യമായാണ് ആദ്യത്തെ വീട് വാങ്ങുന്ന പകുതിയിലേറെ പേര്‍ക്കും കുടുംബങ്ങളുടെ സഹായം ലഭിക്കുന്നത്. പുതിയ വീട് വാങ്ങുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തെ പലിശ രഹിത ലോണ്‍ വിലയുടെ 40% എന്ന തോതില്‍ നല്‍കുന്നതായിരുന്നു സ്‌കീം. അടുത്ത മൂന്ന് വര്‍ഷങ്ങളിലും മാതാപിതാക്കളുടെ കീശയില്‍ നിന്നും 30 ബില്ല്യണ്‍ പൗണ്ടെങ്കിലും മക്കള്‍ക്ക് വീട് വാങ്ങാനായി ഇറക്കേണ്ടി വരുമെന്നാണ് പ്രതീക്ഷ.