എ-ലെവല്‍ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും മികച്ചതായതും വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞതും മൂലം ഉയര്‍ന്ന ഫീസുള്ള യൂണിവേഴ്‌സിറ്റികള്‍ 13% അധികം യുകെ സ്‌കൂള്‍ ലീവേഴ്‌സിനെ പ്രവേശിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച എ-ലെവല്‍ ഫലങ്ങള്‍ രേഖപ്പെടുത്തിയതോടെയാണ് എന്റോള്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധന റിപ്പോര്‍ട്ട് ചെയ്തത്.
റസല്‍ ഗ്രൂപ്പ് യൂണിവേഴ്‌സിറ്റികള്‍ ഉള്‍പ്പെടെയുള്ള മുന്‍നിര യൂണിവേഴ്‌സിറ്റികള്‍ യുകെ സ്‌കൂള്‍ ലീവേഴ്‌സിന് ഇക്കുറി കൂടുതല്‍ സീറ്റുകള്‍ നല്‍കുന്നതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് കുറഞ്ഞതാണ് ഇതിന് കാരണമായത്.
കൂടാതെ കോവിഡ് മഹാമാരി കാലത്ത് പ്രവേശിപ്പിച്ച വന്‍തോതിലുള്ള അണ്ടര്‍ഗ്രാജുവേറ്റുകള്‍ ഒഴിഞ്ഞുപോയതും മിക്ക യൂണിവേഴ്‌സിറ്റികള്‍ക്കും അനുഗ്രഹമായി. വ്യാഴാഴ്ച എ ലെവല്‍ ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ മെച്ചപ്പെട്ട ഗ്രേഡുകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചത്.
ഉയര്‍ന്ന ഫീസുള്ള സ്ഥാപനങ്ങളില്‍ 100,000 പതിനെട്ട് വയസ്സുകാര്‍ ഇതിനകം അഡ്മിഷന്‍ നേടിയതായി യുകാസ് വ്യക്തമാക്കി. 2023-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 13 ശതമാനമാണ് വര്‍ദ്ധനവ്.