സൗത്ത്‌പോര്‍ട്ടില്‍ നടന്ന മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മരണവുമായി ബന്ധപ്പെട്ട് നടന്നഅതിതീവ്ര വലതുപക്ഷക്കാരുടെ കലാപം യു കെയിലെ മുസ്ലീങ്ങളില്‍ അതീവ ആശങ്ക ജനിപ്പിച്ചതായി സര്‍വ്വേ. മുസ്ലീങ്ങളുമായും മറ്റ് വംശീയ ന്യൂനപക്ഷങ്ങളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഡാറ്റാ ഓര്‍ഗനൈസേഷനായ മുസ്ലീം സെന്‍സസ് കമ്മീഷന്‍ ചെയ്ത സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 92 ശതമാനം ആളുകളും പറയുന്നത് യു കെയിലെ ജീവിതം ഒട്ടും സുരക്ഷിതമല്ലെന്നാണ്. വിവിധ പശ്ചാത്തലങ്ങളുള്ള 1519 പേരെ പങ്കെടുപ്പിച്ചുകൊണ്ട് ആഗസ്റ്റ് 5, 6 തീയതികളിലായിട്ടായിരുന്നു സര്‍വ്വേ നടത്തിയത്.
ലഹള ആരംഭിച്ച ജൂലൈ 30 മുതല്‍, സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ ആറില്‍ അഞ്ചുപേര്‍ വീതം വ്യക്തിപരമായി വംശീയ ആക്രമണത്തിന് വിധേയരാവര്‍ ആണെന്ന് സര്‍വ്വേ ഫലം പറയുന്നു. മൂന്നില്‍ രണ്ടു പേര്‍ അത്തരം ആക്രമണങ്ങള്‍ക്ക് ദൃക്സാക്ഷികള്‍ ആയവരാണ്. അതില്‍ ഏറ്റവും അധികം പേര്‍ ഇരയായത് വാക്കുകള്‍ കൊണ്ടുള്ള അവഹേളനങ്ങള്‍ക്കാണ്, 28 ശതമാനം പേര്‍. 16 ശതമാനം പേര്‍ക്ക് ഓണ്‍ലൈന്‍ വഴിയുള്ള അവഹേളനങ്ങള്‍ക്ക് ഇരയാകേണ്ടതായി വന്നു. നാല് ശതമാനം പേര്‍ക്ക് ശാരീരിക ആക്രമണങ്ങളും നേരിടേണ്ടി വന്നു.
വീട് വിട്ട് പുറത്തിറങ്ങാനും ജോലിക്ക് പോകാനും ഭയക്കുന്ന നിരവധി പേരെ കണ്ടുമുട്ടിയെന്ന് മുസ്ലീം സെന്‍സസ് സഹസ്ഥാപകന്‍ സാദിഖ് ദൊരാസത് പറയുന്നു. മുസ്ലീം മത വിശ്വാസികളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതായിട്ടാണ് തോന്നിയത് എന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടു തന്നെ അവര്‍ സുരക്ഷയെ കുറിച്ച് ആശങ്കാകുലരാണ്. ദിവസങ്ങളോളമായിരുന്നു അക്രമികള്‍ മോസ്‌കുകളെയും മുസ്ലീം മതവിശ്വാസികളുടെ ഉടമസ്ഥതയിലുള്ള ബിസിനസ്സ് സ്ഥാപനങ്ങളെയും അഭയാര്‍ത്ഥികളെ പാര്‍പ്പിച്ചിട്ടുള്ള ഹോട്ടലുകളെയും ലക്ഷ്യമാക്കി ആക്രമണം അഴിച്ചുവിട്ടത്.
ലണ്ടന്‍, ലിവര്‍പൂള്‍, ബ്രിസ്റ്റോള്‍, ബ്ലാക്ക്പൂള്‍, ബെല്‍ഫാസ്റ്റ് തുടങ്ങി മിക്ക നഗരങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. സൗത്ത്‌പോര്‍ട്ടിലെ കൊലപാതകിയുടെ പേരും പശ്ചാത്തലവുമായി ബന്ധപ്പെട്ട് പ്രചരിച്ച വ്യാജ വാര്‍ത്തകളാണ് ലഹള ആളിപ്പടരാന്‍ കാരണമായത്. സൗത്ത്‌പോര്‍ട്ടിലെ മോസ്‌കും ആക്രമിക്കപ്പെട്ടവയുടെ കൂട്ടതില്‍ ഉള്‍പ്പെടുന്നു. മോസ്‌കിനും സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞ ആക്രമികള്‍ ചില കാറുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്തിരുന്നു.900 ല്‍ അധികം പേരെ ലഹളയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. 400 ല്‍ അധികം ആളുകളുടെ പേരില്‍ കേസും ചാര്‍ജ് ചെയ്തിട്ടുണ്ട്.
രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള മോസ്‌കുകള്‍ വിശ്വാസികളൊട് സുരക്ഷാ മുന്‍കരുതല്‍ എടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒറ്റക്ക് യാത്ര ചെയ്യാതിരിക്കുക, സന്ധ്യകളിഞ്ഞാല്‍ വീടിന് വെളിയില്‍ ഇറങ്ങാതിരിക്കാന്‍ ശ്രമിക്കുക തുടങ്ങിയവ ഉള്‍പ്പടെയുള്ള മുന്‍കരുതലുകളാണ് വിശ്വാസികള്‍ക്ക് നല്‍കിയിരിക്കുന്നത്.