ലണ്ടനിലെ ഹോട്ടല്‍ മുറിയില്‍ എയര്‍ ഇന്ത്യ എയര്‍ ഹോസ്റ്റസിന് നേര്‍ക്ക് ആക്രമണം. ഹീത്രൂ വിമാനത്താവളത്തിന് സമീപം ഉള്ള ഹോട്ടലിലെ മുറിയില്‍ അതിക്രമിച്ച് കയറിയാണ് അജ്ഞാതന്റെ അക്രമം. യുവതിയുടെ കരച്ചില്‍ കേട്ട് അടുത്ത മുറികളിലുണ്ടായിരുന്ന സഹജീവനക്കാര്‍ ഓടിയെത്തിയതോടെയാണ് ഇവര്‍ രക്ഷപ്പെട്ടത്.
സ്ഥലത്ത് നിന്നും ഓടിരക്ഷപ്പെടാന്‍ അക്രമി ശ്രമിച്ചെങ്കിലും സഹജീവനക്കാര്‍ ഇയാളെ പിടികൂടി. ഭയചകിതയായ യുവതിക്ക് മുറിവുകളേറ്റതിനാല്‍ ആശുപത്രിയില്‍ കൊണ്ടുപോയി. ഇപ്പോള്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ എയര്‍ ഹോസ്റ്റസിന് കൗണ്‍സിലിംഗ് ലഭ്യമാക്കുന്നതായി അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് അക്രമം അരങ്ങേരിയത്. 'ഹോട്ടലില്‍ അതിക്രമിച്ച് കയറിയ സംഭവം വളരെ രോഷം ജനിപ്പിക്കുന്നതാണ്, ഒരു സുപ്രധാന അന്താരാഷ്ട്ര ശൃംഖലയുടെ ഹോട്ടലാണിത്, ഇവിടെ വെച്ചാണ് ഞങ്ങളുടെ ഒരു അംഗത്തിന് അക്രമം നേരിട്ടത്', എഐ വക്താവ് സ്ഥിരീകരിച്ചു.
തങ്ങളുടെ ജീവനക്കാരിക്കും സംഭവത്തിന് സാക്ഷികളായ ജീവനക്കാര്‍ക്കും എല്ലാവിധ പിന്തുണയും നല്‍കുന്നതായി എയര്‍ ഇന്ത്യ വ്യക്തമാക്കി. പ്രൊഫഷണല്‍ കൗണ്‍സിലിംഗ് ഉള്‍പ്പെടെ ലഭ്യമാക്കുന്നുണ്ട്. വിഷയം പ്രാദേശിക പോലീസിന്റെ സഹായത്തോടെ കൂടുതല്‍ ശക്തമായി ഉന്നയിക്കും. ഹോട്ടല്‍ മാനേജ്‌മെന്റും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുമെന്ന് ഉറപ്പാക്കണം, വക്താവ് പറഞ്ഞു.
ലണ്ടന്‍ ഹീത്രൂ വിമാനത്താവളത്തിന് സമീപത്തെ റാഡിസണ്‍ ബ്ലൂവിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഹോട്ടലില്‍ പുറമെ നിന്നും ഒരാള്‍ പ്രവേശിച്ചത് ഞെട്ടിപ്പിക്കുന്നതായി സ്രോതസ്സുകള്‍ ചൂണ്ടിക്കാണിച്ചു. സംഭവത്തിന് ബ്രിട്ടനിലെ വലതുപക്ഷ വംശീയ പ്രതിഷേധവുമായി ബന്ധമുണ്ടോയെന്ന് സംശയമുണ്ട്.