എംപോക്‌സ് വൈറസ് ബ്രിട്ടീഷ് മണ്ണില്‍ എത്തിച്ചേര്‍ന്നിരിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ എംപോക്‌സ് വാക്‌സിനുകള്‍ ശേഖരിച്ച് യുകെ. ക്ലെയ്ഡ് 1 എംപോക്‌സ് വേരിയന്റിനെ തിരിച്ചറിയാന്‍ യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.
രണ്ട് വര്‍ഷം മുന്‍പത്തെ വൈറസിനെ അപേക്ഷിച്ച് പുതിയ വേരിയന്റ് വേഗത്തില്‍ പടരുന്നതും, ഉയര്‍ന്ന തോതില്‍ ജീവനെടുക്കുന്നതുമാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതിനകം സ്വീഡനിലും, പാകിസ്ഥാനിലും രോഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കില്‍ ആദ്യം കണ്ടെത്തിയ പുതിയ എംപോക്‌സ് വേരിയന്റ് ഇതുവരെയുള്ളതില്‍ ഏറ്റവും അപകടകാരിയാണെന്നാണ് കരുതുന്നത്. പ്രാഥമിക ലക്ഷണങ്ങള്‍ ഫ്‌ളൂവിന് സമാനമാണ്. മുഖത്ത് നിന്നുള്ള ചൊറിച്ചില്‍ പിന്നീട് ശരീരം മുഴുവന്‍ പടരുകയും, ഇന്‍ഫെക്ഷനായി മാറുകയും ചെയ്യും.
മുന്‍പ് ബ്രിട്ടനില്‍ വൈറസ് ബാധിച്ചിട്ടുള്ള എംപോക്‌സ് ഇര ഹാറൂണ്‍ ടുളുനെയ് ലക്ഷണങ്ങളെ അവഗണിക്കരുതെന്ന് ആവശ്യപ്പെടുന്നു. മെഡിക്കല്‍ ജീവനക്കാര്‍ പോലും തന്റെ അവസ്ഥ മനസ്സിലാക്കാന്‍ സമയമെടുത്തു. ആംബുലന്‍സ് പല തവണ നിഷേധിക്കപ്പെട്ടു. രണ്ടാഴ്ച പനിയും, വേദനയും കൂടി വെള്ളം കുടിക്കാനും, ഭക്ഷണം കഴിക്കാനും കഴിയാതെ വന്നതോടെയാണ് അന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്, അദ്ദേഹം സ്‌കൈ ന്യൂസിനോട് പറഞ്ഞു.