ജയിലുകളില്‍ സ്ഥലം കണ്ടെത്താന്‍ അടുത്ത മാസം വന്‍തോതില്‍ കുറ്റവാളികളെ പുറത്തുവിടാന്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍
ജയിലുകളിലെ തിരക്ക് പരിഹരിക്കാനുള്ള അടിയന്തര നടപടികളുടെ ഭാഗമായി അടുത്ത മാസം വന്‍തോതില്‍ കുറ്റവാളികളെ പുറത്തുവിടാന്‍ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍. അടുത്ത മാസത്തോടെ ഏകദേശം 2000 തടവുകാരെ ജയിലുകളില്‍ നിന്നും മുന്‍കൂറായി വിട്ടയയ്ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവഴി ജയിലുകളില്‍ കലാപകാരികളെ അടയ്ക്കാനുള്ള സ്ഥലം കണ്ടെത്താമെന്നാണ് പ്രതീക്ഷ.
ബ്രിട്ടനില്‍ കുടിയേറ്റ വിരുദ്ധ കലാപങ്ങളില്‍ പെട്ടവരെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന്റെ വേഗത കൂടിയപ്പോഴാണ് ജയിലുകളില്‍ ആവശ്യത്തിന് സ്ഥലമില്ലെന്നത് പ്രതിസന്ധിയായി മാറിയത്. ഇതോടെ നിലവിലെ തടവുകാരെ വിട്ടയച്ച് ശിക്ഷിക്കപ്പെടുന്ന കലാപകാരികളെ ജയിലിലേക്ക് എത്തിക്കാനാണ് ലേബര്‍ ഗവണ്‍മെന്റ് നീക്കം നടത്തുന്നത്.
സെപ്റ്റംബര്‍ 10ന് പുറത്തുവിടാനുള്ള തടവുകാരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തിലേറെ ശിക്ഷ അനുഭവിച്ച 1700 തടവുകാരെയാണ് രണ്ടാം ഘട്ടമായി ഒക്ടോബര്‍ 22ന് പുറത്തുവിടുന്നതെന്നും ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശിക്ഷാ കാലാവധിയുടെ 40 ശതമാനം അനുഭവിച്ചവരെ പുറത്തുവിടാനുള്ള നിയമമാറ്റമാണ് ഇതിന് വഴിയൊരുക്കുന്നത്.
ജയിലുകളിലെ തിരക്ക് പരിഹരിക്കാനുള്ള അടിയന്തര നടപടികളാണ് ജസ്റ്റിസ് മന്ത്രാലയം സ്വീകരിച്ച് വരുന്നത്. നോര്‍ത്ത് ഇംഗ്ലണ്ടില്‍ കലാപകാരികളുടെ എണ്ണമേറിയത് ജയിലുകളില്‍ വലിയ സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്. നേരത്തെ മേയ് മാസത്തിലും ജയില്‍ സെല്ലുകളില്‍ നിന്നും തടവുകാരെ മുന്‍കൂറായി വിട്ടയയ്ക്കാനുള്ള സ്‌കീം നടപ്പാക്കിയിരുന്നു. അതേസമയം വിട്ടയ്ക്കുന്ന കുറ്റവാളികളെ കര്‍ശനമായി നിരീക്ഷിക്കുമെന്ന് മന്ത്രാലയം പറയുന്നു. എന്നാല്‍ പൊതുജനത്തെ സംബന്ധിച്ച് ഇത് വലിയ ആശങ്ക സമ്മാനിക്കുന്നതാണ്.