നല്ല ജോലിയും മെച്ചപ്പെട്ട വേതനവും മോഹിച്ചു യുകെ കെയര്‍ മേഖലയില്‍ എത്തുന്ന വിദേശ കെയര്‍ ജീവനക്കാര്‍ക്ക് ദുരിതജീവിതം. സ്വപ്‌നം കണ്ടെത്തിയ ജോലിയും, ജീവിതത്തിനും പകരം ചൂഷണത്തിന് വിധേയമാകുകയാണവര്‍. ചൂഷണത്തിന് വിധേയമാകുന്നുവെന്ന് പരാതിപ്പെടുന്ന വിദേശ കെയര്‍ ജീവനക്കാരുടെ എണ്ണത്തില്‍ ആറ് മടങ്ങ് വര്‍ധന രേഖപ്പെടുത്തുന്നുവെന്ന കണക്കുകളാണ് പുറത്തുവരുന്നത്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ചൂഷണത്തിന് ഇടയാക്കുന്ന കരാറുകളില്‍ പെട്ടതായി റിപ്പോര്‍ട്ട് ചെയ്ത വിദേശ സോഷ്യല്‍ കെയര്‍ ജോലിക്കാരുടെ എണ്ണത്തില്‍ ആറിരട്ടി വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് കെയര്‍ സിസ്റ്റം കുടിയേറ്റക്കാരെ വ്യാപക ചൂഷണത്തിന് ഇരയാക്കുന്നതിന് പുതിയ തെളിവാണ് ഈ കണക്കുകള്‍.
റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് നല്‍കുന്ന ഡാറ്റ പ്രകാരം 2023-24 വര്‍ഷത്തില്‍ തങ്ങളെ കെയര്‍ ജോലിക്കാര്‍ 134 തവണ ബന്ധപ്പെട്ടതായി വ്യക്തമാക്കുന്നു. ജോലി ഉപേക്ഷിച്ചാല്‍ വിസാ പ്രൊസസിംഗ് ഉള്‍പ്പെടെയുള്ളവയ്ക്കായി ചെലവാക്കിയ തുകയ്ക്ക് സമാനമായി വലിയ തോതില്‍ പണം എംപ്ലോയര്‍മാര്‍ പണം ആവശ്യപ്പെടുന്നുവെന്നാണ് ഇവര്‍ അറിയിച്ചത്.
മൂന്ന് വര്‍ഷം മുന്‍പ് വെറും 22 പരാതികള്‍ ലഭിച്ച സ്ഥാനത്താണ് ഈ കുതിപ്പ്. വിദേശത്ത് നിന്നും റിക്രൂട്ട് ചെയ്യുന്ന കെയറര്‍മാരെ കടുത്ത ചൂഷണത്തിനാണ് വിധേയമാക്കുന്നത്. 10,000 പൗണ്ട് വരെ തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട കേസുകളുണ്ട്. എതിര്‍ത്താല്‍ നാടുകടത്തുമെന്ന് ഭീഷണിയുള്ളതായി ആര്‍സിഎന്‍ ജനറല്‍ സെക്രട്ടറി നിക്കോളാ റേഞ്ചര്‍ പറയുന്നു.