വിവാദമായ 20 മൈല്‍ വേഗതാ സോണുകളും, കുറഞ്ഞ ട്രാഫിക് മേഖലകളും രാജ്യത്ത് കൂടുതലായി വിപുലീകരിക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. ഡ്രൈവര്‍മാരെ ദേഷ്യം പിടിപ്പിക്കുന്ന കുറഞ്ഞ വേഗതയുള്ള മേഖലകള്‍ സംബന്ധിച്ച് ലോക്കല്‍ ഏരിയകള്‍ക്ക് തീരുമാനിക്കാന്‍ അനുവദിക്കുമെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി ലൂസെ ഹെയ്ഗിന്റെ പ്രഖ്യാപനം.
ട്രാന്‍സ്‌പോര്‍ട്ട് നയങ്ങളുടെ പേരിലുള്ള സാംസ്‌കാരിക യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ഹെയ്ഗ് പറയുന്നു. ഇതിന്റെ ഭാഗമായി ആക്ടീവ് ട്രാവലിനുള്ള സാമ്പത്തിക പിന്തുണ അസാധാരണമായി വര്‍ദ്ധനവുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി വ്യക്തമാക്കി.
പോപ്പ് അപ്പ് സൈക്കിള്‍ ലെയിനുകള്‍, വീതിയേറിയ നടപ്പാതകള്‍, കാറുകള്‍ക്ക് തെരുവുകള്‍ അടയ്ക്കല്‍ എന്നിങ്ങനെയുള്ള ലോ-ട്രാഫിക് നെയ്ബര്‍ഹുഡുകള്‍ വിജയകരമായെന്നാണ് പല കൗണ്‍സിലുകളും പ്രശംസിക്കുന്നത്. എന്നാല്‍ ജനങ്ങളുടെ അഭിപ്രായം തേടാതെ നടപ്പാക്കുന്ന ഇത്തരം നീക്കങ്ങള്‍ പല ഭാഗത്തും ട്രാഫിക് വര്‍ദ്ധിപ്പിക്കുകയും, വാഹനങ്ങള്‍ തൊട്ടുരുമ്മി പോകേണ്ട അവസ്ഥ ഉയര്‍ത്തുകയും, മലിനീകരണം വര്‍ദ്ധിപ്പിക്കുകയും ചെയ്‌തെന്നാണ് വിമര്‍ശനം.