ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ജിസിഎസ്ഇ ഫലങ്ങള്‍ ഇന്ന് പുറത്തുവരാന്‍ ഇരിക്കവെ ആശങ്കയും ഉയരുന്നു. ഇംഗ്ലീഷിലും, മാത്സിലും 'കൂട്ടത്തോല്‍വി' നേരിടുമെന്നാണ് ആശങ്ക. കാല്‍ശതമാനം പേര്‍ക്കും ഈ വിഷയങ്ങള്‍ കടുകട്ടിയായിരുന്നു.
ജിസിഎസ്ഇ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കെല്ലാം എ-ലെവലിന് പോകാന്‍ കഴിയുമെന്നും, ബിടെക് അല്ലെങ്കില്‍ അപ്രന്റീസ്ഷിപ്പിന് പോകണമെന്നും വ്യക്തമാകും. എന്നാല്‍ കാല്‍ശതമാനം പേരും ജിസിഎസ്ഇ ഇംഗ്ലീഷിലും, മാത്സിലും തോല്‍വി അടയുമെന്നാണ് കോളേജ് നേതാക്കളുടെ മുന്നറിയിപ്പ്. ഈ വര്‍ഷം സീറ്റുകള്‍ നേടുന്നത് മത്സരമായി മാറുമെന്നും പറയപ്പെടുന്നു.
മിക്ക വിദ്യാര്‍ത്ഥികളും കോളേജുകളിലും, സ്‌കൂളുകളിലും സിക്‌സ്ത് ഫോമിനായി അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ശരിയായ ഗ്രേഡ് ലഭിക്കുന്നത് ആസ്പദമാക്കിയാകും പ്രവേശനം. ഉന്നത കോളേജുകളിലെ ചില കോഴ്‌സുകള്‍ക്ക് ചുരുങ്ങിയത് ഗ്രേഡ് 7 വേണമെന്നാണ് നിബന്ധന. ഇത് നേടാന്‍ കഴിയാതെ പോയാല്‍ മറ്റ് സ്ഥലങ്ങളിലേക്ക് പ്രവേശനത്തിനായി ശ്രമിക്കേണ്ടി വരും.