ബെഡ്‌ഫോര്‍ഡിലെ വീട്ടിലുണ്ടായ തീപിടുത്തത്തില്‍ യുവതിയായ അമ്മയും മൂന്ന് മക്കളും പൊള്ളലേറ്റു മരിച്ചു. 29 കാരി ബ്രേ്യാണീ ഗവിത്ത് അവരുടെ മക്കളായ ഡെനിസ്റ്റി ബിര്‍ട്ടില്‍ (9), ഓസ്ചര്‍ ബിര്‍ട്ടില്‍ (5), ഓബ്രീ ബ്രിട്ടില്‍ (2) എന്നിവരാണ് മരണമടഞ്ഞത്. വെസ്റ്റ്ബറി റോഡിലെ വീട്ടിലായിരുന്നു സംഭവം. സംഭവസ്ഥലത്തു നിന്നും 29 കാരനായ ഒരു യുവാവിനെ ഗുരുതര പരിക്കുകളോടെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകം നടത്തി എന്ന് സംശയിക്കുന്ന ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് സംഭവസ്ഥലത്ത് നടത്തിയ പത്ര സമ്മേളനത്തിലാണ് വെസ്റ്റ് യോര്‍ക്ക്ഷയര്‍ പോലീസ് മരിച്ചവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ഒരു സ്ത്രീയും അവരുടെ മൂന്ന് മക്കളും മരണമടഞ്ഞ സംഭവത്തില്‍ മനപൂര്‍വ്വം തീ കൊളുത്തുകയായിരുന്നു എന്നാണ് പോലീസ് വിശ്വസിക്കുന്നത്. ഗാര്‍ഹിക പ്രശ്നങ്ങളാണ് കാരണമെന്ന് വിശ്വസിക്കുന്നതായും പോലീസ് പറഞ്ഞു.
മരണമടഞ്ഞവരുടെ ബന്ധുക്കള്‍ക്ക് പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ കൗണ്‍സിലിംഗ് നല്‍കുന്നുണ്ടെന്നും, പ്രദേശവാസികളില്‍ കൂടുതല്‍ ആത്മവിശ്വാസമുണര്‍ത്താന്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ടേന്നും അധികൃതര്‍ അറിയിച്ചു. സംഭവം നടക്കുന്ന സമയത്ത് വെസ്റ്റ്ബറി റോഡില്‍ ഉണ്ടായിരുന്നവരോ, സി സി ടി വി , ഡോര്‍ബെല്‍ ക്യാം ഫൂട്ടേജുകള്‍ കൈവശം ഉള്ളവരോ പോലീസുമായി ബന്ധപ്പെടണം എന്നും അറിയിച്ചിട്ടുണ്ട്.
ഈ ദാരുണ സംഭവത്തെ തുടര്‍ന്ന് പരിസരവാസികള്‍ ആകെ ആശങ്കയിലാണെന്ന് സംഭവസ്ഥലത്തിന് തൊട്ടടുത്ത് താമസിക്കുന്ന ലിന്‍ഡ്‌സീ പിയേഴ്സണ്‍ പറഞ്ഞു. അതിരാവിലെ നീല ഫ്‌ലാഷിംഗ് ലൈറ്റ് കണ്ടാണ് അഗ്‌നിബാധയെ കുറിച്ച് അറിഞ്ഞതെന്ന് പറഞ്ഞ അവര്‍ പുകയും വന്നിരുന്നെന്നു പറഞ്ഞു. ആദ്യം വിചാരിച്ചത് ഏതെങ്കിലും കാറിന് തീ പിടിച്ചതായിരിക്കും എന്നായിരുന്നു എന്നും അവര്‍ പറഞ്ഞു.