പുതിയ വീടുകള്‍ നിര്‍മ്മിക്കാന്‍ പണപ്പെരുപ്പത്തെ മറികടന്നുള്ള വാടക വര്‍ധന നടപ്പാക്കാന്‍ ചാന്‍സലര്‍
കൗണ്‍സില്‍ ഹോമുകളില്‍ താമസിക്കുന്ന വാടകക്കാരെ പിഴിഞ്ഞ് പുതിയ വീടുകള്‍ക്കായി പണമുണ്ടാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ്. ഇവര്‍ക്കായി പണപ്പെരുപ്പത്തെ മറികടന്നുള്ള വാടക വര്‍ധന നടപ്പാക്കാനാണ് ചാന്‍സലറുടെ നീക്കം.
അടുത്ത പത്ത് വര്‍ഷത്തേക്ക് ഓരോ വര്‍ഷവും പണപ്പെരുപ്പത്തെ അധികരിച്ചുള്ള സബ്‌സിഡി വാടക നിരക്ക് വര്‍ധിപ്പിക്കാനാണ് മന്ത്രിമാര്‍ ആലോചിക്കുന്നത്. ഇതുവഴി താങ്ങാവുന്ന വിലയിലുള്ള വീടുകള്‍ നിര്‍മ്മിക്കാനുള്ള പണം കണ്ടെത്താമെന്നാണ് പ്രതീക്ഷ.
പണപ്പെരുപ്പത്തിന്റെ സിപിഐ കണക്ക് പ്രകാരം ഇംഗ്ലണ്ടിലെ വാടക നിരക്കുകള്‍ വര്‍ധിപ്പിക്കാനുള്ള പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്താനാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന്റെ ശ്രമം. നിലവില്‍ 2.2 ശതമാനത്തിലാണ് പണപ്പെരുപ്പം. ഇതിനൊപ്പം ഒരു ശതമാനം വീതം വാര്‍ഷിക വര്‍ധന ഉള്‍പ്പെടുത്തി വാടക ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ ഈ ദശകത്തില്‍ പണപ്പെരുപ്പം വീണ്ടും ഉയര്‍ന്നാല്‍ വാടകക്കാര്‍ക്ക് ഉയര്‍ന്ന വാടക വര്‍ധനവുകള്‍ നേരിടേണ്ടി വരും. ഇതില്‍ നല്ലൊരു ശതമാനവും നികുതിദായകന്റെ ബാധ്യതയില്‍ വരികയും ചെയ്യും. സോഷ്യല്‍ ഹൗസിംഗിലുള്ള വാടകക്കാരില്‍ നിന്നും വാടക ലഭിക്കുന്ന ലോക്കല്‍ അതോറിറ്റികളും, ഹൗസിംഗ് അസോസിയേഷനുകളും ഏറെ നാളായി ഇക്കാര്യത്തില്‍ സ്ഥിരത ആവശ്യപ്പെട്ട് വരികയാണ്.
നിലവില്‍ സിപിഐ പണപ്പെരുപ്പം + 1 ശതമാനം എന്നതാണ് വാടകയെങ്കിലും ഇത് 2026-ല്‍ അവസാനിക്കും. എന്നാല്‍ സോഷ്യല്‍ ഹൗസിംഗ് വാടകക്കാര്‍ക്ക് തുക വര്‍ധിപ്പിക്കുന്നത് വെല്‍ഫെയര്‍ ബില്‍ ഉയര്‍ത്തുന്നതില്‍ കലാശിക്കുമെന്ന് മുതിര്‍ന്ന കണ്‍സര്‍വേറ്റീവുകള്‍ മുന്നറിയിപ്പ് നല്‍കി.