ജിസിഎസ്ഇ പരീക്ഷയില്‍ മികവ് ആവര്‍ത്തിച്ച് മലയാളി വിദ്യാര്‍ത്ഥികള്‍
എ ലെവലിനു പിന്നാലെ ജിസിഎസ്ഇ ഫലങ്ങളിലും മികവ് കാട്ടി മലയാളി കുട്ടികള്‍. പതിനൊന്നില്‍ പത്തും ഡബിള്‍ സ്റ്റാറും ഒരു വിഷയത്തിന് എ സ്റ്റാറും നേടിയാണ് എസെക്‌സിലെ ജോര്‍ദാന്‍ തോമസ് എന്ന മിടുക്കന്‍ അഭിമാന വിജയം കരസ്ഥമാക്കിയത്. ഹോണ്‍ചര്‍ച്ചിലെ ചാമ്പ്യന്‍ കാത്തലിക് സ്‌കൂളിലെ ടോപ്പ് സ്‌കോറര്‍ കൂടിയാണ് ജോര്‍ദാന്‍.
റെഡ്ഡിംഗിലെ ജോയന്ന ജോബിന്‍ എന്ന മിടുക്കി നേടിയത് പതിനൊന്നില്‍ ഒന്‍പതു വിഷയങ്ങള്‍ക്കും ഡബിള്‍ സ്റ്റാളുകളാണ്. ബാക്കി രണ്ടെണ്ണത്തിന് എ സ്റ്റാറുകളും. ജ്യോഗ്രഫി, കണക്ക്, ബയോളജി, കെമിസ്ട്രി, ഫിസിക്‌സ്, ഫുഡ് പ്രിപ്പറേഷന്‍ ആന്റ് ന്യൂട്രിഷന്‍, ഫ്രഞ്ച്, ജര്‍മന്‍, ലിറ്ററേച്ചല്‍ വിഷയങ്ങള്‍ക്കാണ് ഡബിള്‍ സ്റ്റാറുകള്‍ നേടിയത്. ചെറിയ മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് ലാംഗ്വേജിനും ബിസിനസിലും ഡബിള്‍ സ്റ്റാറുകള്‍ നഷ്ടപ്പെട്ടതും എ സ്റ്റാറിലേക്ക് എത്തിയതും. എങ്കിലും റെഡ്ഡിംഗിലെ കെന്‍ഡ്രിക്ക് സ്‌കൂളിലെ ഏറ്റവും മികച്ച ഗ്രേഡ് നേടിയ വിദ്യാര്‍ത്ഥിനികളില്‍ ഒരാളാണ് ജോയന്ന. റെഡ്ഡിംഗിലെ ജോബിന്‍ വയലിന്റെ മകളാണ്.
പഠിച്ച പത്തു വിഷയങ്ങളില്‍ എട്ടെണ്ണത്തിനും എ ഡബിള്‍ സ്റ്റാറുകളും രണ്ടെണ്ണത്തിന് എ സ്റ്റാറുകളും നേടിയാണ് ആഞ്ചേല തോമസ് ബ്രിസ്റ്റോളിലെ താരമായിരിക്കുന്നത്. കണക്കിനും ലാംഗേജ്, ലിറ്ററേച്ചറുകള്‍ക്കും ബയോളജി, കെമിസ്ട്രി, തിയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ക്കാണ് ഡബിള്‍ സ്റ്റാറുകള്‍ നേടിയത്. ഫിസിക്‌സിനും ജ്യോഗ്രഫിയ്ക്കും എ സ്റ്റാറുകളും നേടി. ബയോളജിയും കെമിസ്ട്രിയും സൈക്കോളജിയും കണക്കും എലെവലിലേക്ക് തെരഞ്ഞെടുത്ത് ബ്രിസ്‌റ്റോളിലെ ബ്രന്‍ഡന്‍സ് സിക്‌സ്ത് ഫോം കോളേജിലേക്കാണ് ആഞ്ചേല പോകുന്നത്. പഠനത്തിനു പുറമേ ബാഡ്മിന്റണിനും ഡാന്‍സിനും കഴിവ് തെളിയിച്ച കുട്ടി കൂടിയാണ് ആഞ്ചേല.
ബ്രിസ്റ്റോളിലെ യോവാലി ജീവനക്കാരനായ തോമസ് മാത്യുവിന്റെയും ബ്രിസ്‌റ്റോള്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ലാലമ്മ തോമസിന്റെയും ഇളയ മകളാണ് ആഞ്ചേല. സഹോദരന്‍ ആന്റണി തോമസ് ബ്രന്‍ഡന്‍ കോളേജില്‍ ഇയര്‍ 12 വിദ്യാര്‍ത്ഥിയാണ്.
കവന്‍ട്രിയിലെ ആഞ്ചേല സിജോ എന്നിവരും മികച്ച വിജയം കൈവരിച്ചു. ആഞ്ചേലക്ക് ആറു വിഷയങ്ങള്‍ 9 ഗ്രേഡ് ലഭിച്ചപ്പോള്‍ രണ്ടു വിഷയങ്ങളില്‍ സെവന്‍ ഗ്രേഡും ഒന്നില്‍ സിക്‌സ് ഗ്രേഡുമാണ്. മൂവാറ്റുപുഴ സ്വദേശിയായ സിജോ തോമസിന്റെയും ലിറ്റി സിജോയുടെയും മകളാണ്. അടപ്പൂര്‍ കുടുബാംഗമാണ് ആഞ്ചേല. മാതാപിതാക്കള്‍ ഇരുവരും കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ജീവനക്കാരുമാണ്.
കവന്‍ട്രിയിലെ അഭിയ മഹേഷ് എട്ടു വിഷയങ്ങളില്‍ 9 ഗ്രേഡ്, ഓരോ വിഷയങ്ങളില്‍ എട്ടും ഏഴും ഗ്രേഡ് സ്വന്തമാക്കിയാണ് അഭിമാനമായത്. റഗ്ബി ഗേള്‍സ് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. സയന്‍സ് മുഖ്യ പഠനവിഷയമാക്കി ഡെന്റിസ്ട്രിയില്‍ തിളങ്ങാനുള്ള ഒരുക്കത്തിലാണ് അഭിയ. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ മഹേഷിന്റേയും മഞ്ജുവിന്റെയും മകളാണ്. മാതാപിതാക്കള്‍ ഇരുവരും കവന്‍ട്രി യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ജീവനക്കാരാണ്.
എയ്ല്‍സ്ബറിയില്‍ നിന്നും മികച്ച വിജയം നേടിയ ആദിത്യ അനിരാജ് ഒരു വിഷയത്തില്‍ 9 ഗ്രേഡും നാലു വിഷയങ്ങളില്‍ എട്ടും നാലു വിഷയങ്ങളില്‍ ഏഴും നേടിയാണ് മിടുക്കരുടെ പട്ടികയില്‍ എത്തുന്നത്. എയ്ല്‍സ്ബറി വേല്‍ അക്കാദമിയില്‍ നിന്നും വിജയിച്ച ആദിത്യ കണക്കും ഫിസിക്സും കംപ്യുട്ടര്‍ സയന്‍സും പഠിച്ചു ഓട്ടോ മൊബൈല്‍ രംഗത്ത് ജോലി ചെയ്യാന്‍ ആഗ്രഹിക്കുകയാണ്. മാതാപിതാക്കളായ അനിരാജ് എന്‍ജിനിയറിങ് മേഖലയിലും മാതാവ് ഷീന ബക്കിങ്ഹാം ഷെയര്‍ ഹോസ്പിറ്റലില്‍ എസിപി ആയും ജോലി ചെയ്യുന്നു. എ ലെവല്‍ വിദ്യാര്‍ത്ഥിനിയായ ഐശ്വര്യയാണ് സഹോദരി.
9 ഗ്രേഡ് ഒമ്പതു വിഷയങ്ങളില്‍ നേടിയ ലൂട്ടനിലെ ജോവാന് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ മാത്രമാണ് എ യില്‍ ചെന്നെത്തിയത്. ഹേമലിലെ ജോണ്‍ എഫ് കെന്നഡി കാത്തലിക് സ്‌കൂളില്‍ നിന്നുമാണ് ജൊവാന്‍ മികച്ച വിജയം കണ്ടെത്തിയത്. ഇതേസ്‌കൂളില്‍ നിന്നും തന്നെ ജിസിഎസ്ഇ യിലും എ ലെവലിലും മുഴുവന്‍ വിഷയങ്ങളില്‍ എ സ്റ്റാര്‍ നേടി പുറത്തുവന്ന ഹാരിയുടെ സഹോദരനാണ്. ലണ്ടനിലെ ഇന്‍പീരിയല്‍ കോളേജില്‍ മെഡിസിന്‍ വിദ്യാര്‍ത്ഥിയാണ് ഹാരി. ഡ്യൂക്ക് ഓഫ് എഡിന്‍ബറോ അവാര്‍ഡ് ജേതാവും റഗ്ബി പ്ലെയറുമാണ് ജൊവാന്‍. ലൂട്ടന്‍ കൗണ്‍സിലില്‍ മാനേജരായ ഡെറിക്കിന്റെയും ടെസ്സിയുടെയും മക്കളാണ് ഹാരിയും ജോവാനും.
റെഡിങ്ങില്‍ നിന്നും മികച്ച വിജയങ്ങളില്‍ ഒന്ന് സ്വന്തമാക്കിയ ആരോണ്‍ നാലു വിഷയങ്ങളില്‍ 9 ഗ്രേഡും അഞ്ചു വിഷയങ്ങളില്‍ എട്ടും ഒന്നില്‍ ഏഴും ഗ്രേഡും സ്വന്തമാക്കിയാണ് എ ലെവല്‍ പഠനത്തിന് ഒരുങ്ങുന്നത്. പ്രധാന വിഷയങ്ങളില്‍ എല്ലാം മികച്ച സ്‌കോര്‍ നേടിയ ആരോണിന് ഫര്‍തര്‍ മാത്സില്‍ മാത്രമാണ് അല്‍പം മാര്‍ക്ക് കുറഞ്ഞത്. അനില്‍ അബ്രാഹവും സ്മിത ആനിലുമാണ് മാതാപിതാക്കള്‍. ക്രിസ്റ്റീനയും ആന്‍ജെലിനേയും സഹോദരങ്ങളും. സഹോദരിമാരില്‍ ഒരാള്‍ എം ഫം വിദ്യാര്‍ത്ഥിനിയും ഒരാള്‍ ആറാം ക്ലാസിലുമാണ്. മാതാപിതാക്കള്‍ ഇരുവരും എന്‍എച്ച്എസ് ജീവനക്കാരാണ്.
ഗ്രേഡ് എട്ടിന് സമാനമായ എ സ്റ്റാര്‍ നേട്ടം പതിനൊന്നു വിഷയങ്ങളിലും ഒരുപോലെ സ്വന്തമാക്കിയ വിജയമാണ് സനൂജ് മേനോന്‍ എന്ന മിടുക്കന്റേത്. ബാകിന്‍ഹാമിലെ അമര്‍ശമില്‍ ഉള്ള ഡോ ചലനോര്‍ ഗ്രാമര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് സനൂജ്. ഈ സ്‌കൂളിലെ മികച്ച വിജയങ്ങളില്‍ ഒന്നും സനൂജിന്റേതാണ്. തൃശൂര്‍ ഇരിഞ്ഞാലക്കുട സ്വദേശി സഞ്ജയ് മേനോന്റെയും വടക്കഞ്ചേരി സ്വദേശി രശ്മി മേനോന്റെയും മകനാണ്. ലണ്ടനില്‍ ബാങ്കിങ് മേഖലയിലാണ് സഞ്ജയ് ജോലി ചെയ്യുന്നത്, രശ്മി ജോലി ചെയ്യുന്നതും ധനകാര്യ മേഖലയില്‍ തന്നെയാണ്. അമര്‍ഷം മ്യൂസിക് സെന്ററിലെ സാക്‌സഫോണ്‍ സംഗീത വിദ്യാര്‍ത്ഥി കൂടിയാണ് സനൂജ്. കണക്കും കമ്പ്യൂട്ടര്‍ സയന്‍സും ഇക്കണോമിക്‌സ് എടുത്ത് എ ലെവല്‍ ഇതേ സ്‌കൂളില്‍ തന്നെ പഠിക്കാന്‍ ഒരുങ്ങുകയാണ് സനൂജ്.
ഹാംഷെയറിലെ കൊച്ചു വ്‌ലോഗര്‍ കൂടിയായ റെയ്ന്‍ സ്വന്തമാക്കിയതും മികച്ച റിസള്‍ട്ട്. അഞ്ചു വിഷയങ്ങളിലാണ് റെയ്ന്‍ 9 ഗ്രേഡ് പിടിച്ചെടുത്തത്. ഹാംഷെയറിലെ തോണ്ടാന്‍ സ്‌കൂളില്‍ നിന്നുമാണ് ഈ മിടുക്കന്റെ വിജയ വാര്‍ത്ത എത്തുന്നത്. ഫിസിക്സും കണക്കും കംപ്യുട്ടര്‍ സയന്‍സും എടുത്ത് എന്‍ജിനിയറിങ് വഴി തേടുകയാണ് റെയ്ന്റെ ഭാവി ലക്ഷ്യം. ഏറോസ്പേസ് എന്‍ജിനിയറിങ് ലക്ഷ്യം വയ്ക്കുന്ന റെയ്ന്‍ ഏവിയേഷനെ കുറിച്ചാണ് തന്റെ യൂട്യൂബിലൂടെ സംവദിക്കുന്നത്. സ്റ്റാലിന്‍ മൈക്കിളും ഷെറി മൈക്കിളുമാണ് മാതാപിതാക്കള്‍. ഏക സഹോദരന്‍ ആരോണ്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.
മാഞ്ചസ്റ്ററിലെ സ്റ്റോക്‌പോര്‍ട്ടില്‍ നിന്നും അപര്‍ണ നായര്‍ - 5 ഡബിള്‍ എ സ്റ്റാറുകളും 4 എ സ്റ്റാറുകളും 1 - എ യും കരസ്ഥമാക്കി ഉന്നത വിജയം നേടി. ആള്‍ട്രിഞ്ചം ഗ്രാമര്‍ സ്കൂള്‍ ഫോര്‍ ഗേള്‍സിലെ വിദ്യാര്‍ത്ഥിനിയാണ്. പഠിത്തത്തില്‍ എന്നത് പോലെ കലാരംഗത്തും പ്രശസ്തയാണ് അപര്‍ണ നായര്‍. ഹരീഷ് നായരുടെയും ജെമിനി നായരുടെയും മകളാണ്.
മിഡില്‍സ്ബറോയിലെ ഷോണാ ഷാജുവിന് അഞ്ച് എ സ്റ്റാറുകളും എ ഗ്രേഡുമാണ് നേടാന്‍ കഴിഞ്ഞത്. ഷാലി- ഷാജു ദമ്പതികളുടെ മകളാണ്.