രഞ്ജിത്ത് മോശമായി പെരുമാറിയിട്ടുണ്ട്; ഞാന്‍ സാക്ഷിയാണ്; എഴുത്തുകാരി കെആര്‍ മീരക്കും അറിയാം- സംവിധായകന്‍ ജോഷി ജോസഫ്
ബംഗാളി നടി ശ്രീലേഖ മിത്ര സംവിധായകനും നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിനെതിരെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. പലേരി മാണിക്യം’ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സംവിധായകന്‍ മോശമായി പെരുമാറി എന്നാണ് ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ വെളിപ്പെടുത്തലിന് പിന്നാലെ ആരോപണം നിഷേധിച്ച് രഞ്ജിത്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ശ്രീലേഖയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോക്യുമെന്‍ററി സംവിധായകന്‍ ജോഷി ജോസഫ്. കൊച്ചിയില്‍ വച്ചാണ് സംഭവം നടന്നതെന്നും സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് ശ്രീലേഖ തന്നോട് പറഞ്ഞെന്നും താന്‍ സാക്ഷിയാണെന്നും എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണെന്നും ജോഷി വെളിപ്പെടുത്തി. അക്കാലത്ത് തന്നെ സാമൂഹ്യപ്രവര്‍ത്തകനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയോടും എഴുത്തുകാരി കെ ആര്‍ മീരയോടും ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ജോഷി ജോസഫ് കൂട്ടിചേര്‍ത്തു.
'ശ്രീലേഖ പറഞ്ഞത് ശരിയാണ്. ആ സമയത്ത് ഞാന്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു. അക്സിഡന്‍റലായി ശ്രീലേഖയെ വിളിച്ചപ്പോള്‍ ആണ് ഇക്കാര്യം പറഞ്ഞത്. അവരെന്തോ പ്രശ്നത്തിലാണെന്ന് ഫോണിലൂടെയുള്ള സംഭാഷണത്തില്‍ മനസിലായി. പിന്നീട് തമ്മനത്തുള്ള ഹോട്ടലില്‍ നിന്ന് താനാണ് പോയി ഇവരെ വിളിച്ചുകൊണ്ടുവന്നത്. കാരണം ഞാനാണ് ഇവരെ സിനിമയുടെ അസോസിയേറ്റ് ഡയറക്ടറായിട്ടുള്ള ശങ്കറിനെ പരിചയപ്പെടുത്തിയത്. ഇന്‍റര്‍വ്യൂവില്‍ പറഞ്ഞത് തന്നെയാണ് എന്നോട് അന്ന് പറഞ്ഞത്. എനിക്ക് നേരെയും ദേഷ്യം പ്രകടിപ്പിച്ചു.
സംവിധായകന്‍ രഞ്ജിത്തില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെന്ന് എന്നോട് വ്യക്തമാക്കി. അക്കാലത്ത് തന്നെ സാമൂഹ്യപ്രവര്‍ത്തകനായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോലിയോടും പറഞ്ഞിരുന്നു. എഴുത്തുകാരി കെ ആര്‍ മീരക്കും അറിയാം. ആക്കാലത്ത് പക്ഷേ ഇതുപോലെ പുറത്തുപറയാന്‍ എന്തുകൊണ്ടോ തയ്യാറായില്ല. ഭയം കൊണ്ടോ മറ്റോ ആകും. എന്തായാലും ഈ സംഭവത്തിന് ഞാന്‍ സാക്ഷിയാണ്. എവിടെ വേണമെങ്കിലും പറയാന്‍ തയ്യാറാണ്.' എന്നാണ് ജോഷി ജോസഫ് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞത്.