ബിബിസി പുറത്താക്കിയതിന് പിന്നാലെ സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായി സമ്മതിച്ച് ഫുട്‌ബോള്‍ പണ്ഡിതന്‍ ജെറെമിന്‍ ജെനാസ്. മാച്ച് ഓഫ് ദി ഡേ ഫുട്‌ബോള്‍ വിദഗ്ധനായും, ദി വണ്‍ ഷോ അവതാരകനുമായിരുന്ന മുന്‍ ഫുട്‌ബോള്‍ താരത്തിന്റെ മോശം പെരുമാറ്റത്തെ കുറിച്ച് ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് ബിബിസി കരാറില്‍ നിന്നും പുറത്താക്കിയത്.
എന്നാല്‍ ഒരിക്കലും മറ്റാരുമായും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് സണ്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ജെനാസ് അവകാശപ്പെട്ടു. അതേസമയം ഭാര്യയോട് കാണിച്ചത് വഞ്ചനയാണെന്നും മുന്‍ താരം കുറ്റസമ്മതം നടത്തി.
'ഞാന്‍ എഴുതിയ കാര്യങ്ങളിലും, പറഞ്ഞതിലുമൊന്നും അഭിമാനിക്കുന്നില്ല. ഇതെല്ലാം എന്റെ പിഴവാണ്. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും ഞാന്‍ ഏറ്റെടുക്കുന്നു', ജെനാസ് പറഞ്ഞു. എന്നാല്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും, രണ്ട് മുതിര്‍ന്നവര്‍ തമ്മില്‍ പരസ്പരം അംഗീകരിച്ച സന്ദേശങ്ങള്‍ മാത്രമാണ് അയച്ചിട്ടുള്ളതെന്നും, തനിക്ക് താല്‍പര്യമുണ്ടെന്ന് അവര്‍ ഇതില്‍ അറിയിച്ചതാണെന്നും മുന്‍ അവതാരകന്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് കുടുംബത്തോടും, സുഹൃത്തുക്കളോടും, സഹജീവനക്കാരോടും ജെനാസ് മാപ്പ് പറഞ്ഞു. താന്‍ നിരവധി തെറ്റുകള്‍ ചെയ്തിട്ടുണ്ട്. ഈ സമയത്ത് നിരവധി ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയാണ്, വിഷയങ്ങള്‍ പരിഹരിക്കാന്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും, ജെനാസ് സമ്മതിക്കുന്നു.