സിനിമാ ഷൂട്ടിങ്ങിനിടെ സംവിധായകന്‍ തുളസീദാസ് മോശമായി പെരുമാറിയെന്നും പ്രതികരിച്ചതിന്റെ പേരില്‍ സിനിമയിലെ അവസരം നഷ്ടമായെന്നും നടി ഗീത വിജയന്‍. 1991ല്‍ ചാഞ്ചാട്ടം എന്ന സിനിമയില്‍ അഭിനയിച്ചപ്പോഴാണ് മോശം അനുഭവം ഉണ്ടായത്. മുറിയില്‍ തട്ടി, റൂമിലെ ഫോണില്‍ വിളിച്ചു. ശാരീരിക ഉപദ്രവം ഉണ്ടായില്ലെന്നും അവര്‍ പ്രതികരിച്ചു. അന്വേഷണസംഘം സമീപിച്ചാല്‍ ഇക്കാര്യങ്ങളെല്ലാം പറയുമെന്നും ഗീത പറഞ്ഞു.
സിനിമയില്‍ മാറ്റങ്ങള്‍ക്കു തുടക്കം കുറിക്കാനുള്ള അവസരമാണു ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ വന്നിരിക്കുന്നതെന്നും പ്രതികരിച്ചതിന്റെ പേരില്‍ സിനിമയിലെ അവസരം നഷ്ടമായിട്ടുണ്ടെന്നും നടി മാധ്യമങ്ങളോട് പറഞ്ഞു. '1991ല്‍ സിനിമയില്‍ പുതിയ ആളായി എത്തിയപ്പോള്‍ മോശമായ അനുഭവം ഉണ്ടായി. അപ്പോള്‍ തന്നെ പ്രതികരിച്ചു. നോ പറയേണ്ട സ്ഥലത്തു നോ പറഞ്ഞു. അതിനാല്‍ പലരുടെ കണ്ണിലും കരടായി. പ്രതികരിച്ചതിന്റെ പേരില്‍ അവസരങ്ങള്‍ നഷ്ടപ്പെട്ടു. പ്രതിരോധിച്ചാല്‍ അവസരം കിട്ടില്ല. സിനിമ കിട്ടുന്നെങ്കില്‍ കിട്ടട്ടെ, ഇല്ലെങ്കില്‍ വേണ്ട'– ഗീത മാധ്യമങ്ങളോടു പറഞ്ഞു.
സെറ്റിലെ ദുരനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ സഹപ്രവര്‍ത്തകരില്‍ നിന്നു മാനസിക പിന്തുണ ലഭിച്ചു. ചിലര്‍ സെറ്റുകളില്‍ സംരക്ഷകരായി നിന്നു. അതിനാല്‍ വലിയ ഉപദ്രവം ഉണ്ടായില്ല. നല്ലവരായ നിരവധി ആളുകളും സിനിമയിലുണ്ട്. എന്നാല്‍, സിനിമാ മേഖലയില്‍ വിവേചനം ഉണ്ടായിട്ടുണ്ട്. സിനിമയില്‍ അഭിനേതാക്കള്‍ക്കു തുല്യപരിഗണന ഉണ്ടാകും എന്നു പറയാറുണ്ടെങ്കിലും ഉണ്ടായിട്ടില്ല. ഇതു മാറ്റങ്ങള്‍ക്കുള്ള അവസരമാണ്. പരാതി കൊടുത്താല്‍, ആരോപണ വിധേയനു പിന്നെയും നിരവധി സിനിമകള്‍ ലഭിക്കും. പരാതിക്കാരിയെ സിനിമയില്‍ നിന്ന് ഒഴിവാക്കും. ഇതാണ് മാറേണ്ടതെന്നും ഗീത പറഞ്ഞു.