എന്‍എച്ച്എസ് സേവനങ്ങള്‍ നല്‍കുന്നതിലെ കാലതാമസത്തിനു ആക്കം കൂട്ടുന്നതായിരുന്നു വിവിധ പരിശോധനകള്‍ നടത്തുന്നതിലെ വീഴ്ചകള്‍. എക്‌സ് റേയും, സ്‌കാനും പോലുള്ളവ ലഭിക്കാന്‍ ആഴ്ചകള്‍ വേണ്ടിവരുന്ന അവസ്ഥയ്ക്ക് പരിഹാരമായാണ് എന്‍എച്ച്എസ് കമ്മ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്ററുകള്‍ സ്ഥാപിതമായത്. ഇത് ഗുണം ചെയ്യുന്നുവെന്നാണ് രോഗികളുടെ സര്‍വ്വെ വ്യക്തമാക്കുന്നത്.
എക്‌സ് റേ, സ്‌കാനുകള്‍ പോലുള്ള പ്രധാന ടെസ്റ്റുകള്‍ വേഗതത്തില്‍ ലഭ്യമാക്കാനാണ് എന്‍എച്ച്എസ് സിഡിഎസുകള്‍ ആരംഭിക്കുന്നത്. ഇംഗ്ലണ്ടില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി 160 സിഡിസികളാണ് പ്രവര്‍ത്തനം തുടങ്ങിയത്. രോഗികളെ പരിശോധിക്കാനും, രോഗങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാനും ഇതുവഴി സാധിക്കുന്നുണ്ട്.
കമ്മ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്ററുകള്‍ പോസിറ്റീവ് അനുഭവങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നതായി ഹെല്‍ത്ത്‌വാച്ച് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ലൂസി അന്‍സാരി പറഞ്ഞു. തങ്ങള്‍ക്ക് പരിശോധനകള്‍ വേഗത്തില്‍ ലഭിക്കുന്നതിനെ രോഗികള്‍ പ്രശംസിച്ചപ്പോള്‍, സേവനങ്ങള്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ കഴിയുന്നിടത്താണെന്നതാണ് ജനങ്ങള്‍ക്ക് ഉപകാരമാകുന്നത്.
ജിപി സര്‍ജറികള്‍ക്കും, അക്യൂട്ട് ആശുപത്രികള്‍ക്കും പകരം സിഡിസികള്‍ ഷോപ്പിംഗ് സെന്ററുകളിലും, ഹെല്‍ത്ത് സെന്ററുകളിലും, കമ്മ്യൂണിറ്റി ഷോപ്പുകളിലുമാണ് സ്ഥിതി ചെയ്യുന്നത്. കൊവിഡിന് ശേഷം സിടി, എംആര്‍ഐ സ്‌കാനുകള്‍ക്കും, അള്‍ട്രാസൗണ്ട്, ഇക്കോകാര്‍ഡിയോഗ്രാം എന്നിവയ്ക്കുള്ള കാത്തിരിപ്പ് ഏറിയതോടെയാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് സിഡിസികള്‍ സൃഷ്ടിച്ചത്.