യു കെയിലെ ഏറ്റവും തിരക്കേറിയ റോഡുകളില്‍ ഒന്നായ എം 62 മോട്ടോര്‍ വേയില്‍ ഇതാദ്യമായി അടയ്ക്കുന്നു. ലിവര്‍പൂളിനെ മാഞ്ചസ്റ്റര്‍, ലീഡ്‌സ്, ഹള്‍ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന 107 മൈല്‍ നീളത്തില്‍ കിടക്കുന്ന എം 62, 1960 ല്‍ പ്രവര്‍ത്തനക്ഷമമായതിന് ശേഷം ഇതാദ്യമായിട്ടാണ് അടച്ചിടുന്നത്. ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററില്‍ നെറ്റ്വര്‍ക്ക് റെയില്‍ പുതിയ റെയില്‍വേ പാലം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായിട്ടാണ് മോട്ടോര്‍വേ അടച്ചിടുന്നത്.
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്ററിലെ പഴയ 130 അടി പാലത്തിനു പകരമായി 22 മില്യന്‍ പൗണ്ടിന്റെ പുതിയ പാലം നിര്‍മ്മിക്കുകയാണ്. ഈ പണി പൂര്‍ത്തിയാക്കുന്നതിനായി വരുന്ന രണ്ട് വാരാന്ത്യങ്ങളില്‍ അടക്കം ചില ദിവസങ്ങളില്‍ എം 62 അടച്ചിടേണ്ടതായി വരും. ആദ്യം പഴയ പാലം പൊളിക്കുന്നതിനും അതിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും വേണ്ടി ആയിരിക്കും റോഡ് അടച്ചിടുക. അടുത്ത രണ്ടാഴ്ചകളിലായി യാത്രക്കാര്‍ തങ്ങളുടെ യാത്രാ പരിപാടികള്‍ പരിശോധിക്കണമെന്നു, പാലം പണി ബാധിക്കുന്ന ഇടങ്ങള്‍ ഒഴിവാക്കണമെന്നും നാഷണല്‍ ഹൈവേസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
റോഡ് അടച്ചിടുമ്പോള്‍, ഗതാഗതം തിരിച്ചു വിടുന്നതിന് ബദല്‍ റോഡുകള്‍ ഇതുവരെ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ല. അതുകൊണ്ടു തന്നെ ഈ മാര്‍ഗ്ഗമുള്ള യാത്ര ദുഷ്‌കരമായേക്കാം. സെപ്റ്റംബര്‍ 6 രാത്രി 9 മണിമുതല്‍ സെപ്റ്റംബര്‍ 9 രാവിലെ 6 മണി വരെയായിരിക്കും ആദ്യ തവണ ഈ മോട്ടോര്‍ വേ അടച്ചിടുക. സെപ്റ്റംബര്‍ 20 രാത്രി 9 മണിമുതല്‍ സെപ്റ്റംബര്‍ 23 രാവിലെ 6 മണി വരെ ആയിരിക്കും രണ്ടാം തവണ അടച്ചിടുക. ഇതുവഴി കിഴക്കോട്ടുള്ള കാര്യേജ് വേയില്‍ ജംഗ്ഷന്‍ 18 നും 20 നും ഇടയിലും, പടിഞ്ഞാറോട്ടുള്ള കാര്യേജ് വേയില്‍ ജംഗ്ഷന്‍ 19 നും ജംഗ്ഷന്‍ 20 നും ഇടയില്‍ വഴി പൂര്‍ണ്ണമായും അടയ്ക്കും.
ഈ സമയം റെയില്‍വെ പാലവും അടച്ചിടും. ഇതുവഴി റെയില്‍ ഗതാഗതവും ഉണ്ടായിരിക്കില്ല. അടുത്തുള്ള, നോര്‍ത്ത് യോര്‍ക്ക്ഷയര്‍, സെല്‍ബിയിലെ ഡ്രാക്സ് പവര്‍ സ്റ്റേഷനിലേക്കുള്ള സപ്ലൈകള്‍ കൊണ്ടു പോകുന്ന ഫ്രൈറ്റ് എഞ്ചിന്‍ ഉള്‍പ്പടെയുള്ളവ ഓടുകയില്ല. റോഡ് വീണ്ടും തുറന്നു കൊടുത്താലും ഒക്ടോബര്‍ പകുതി വരെ രണ്ട് ലെയ്‌നുകളില്‍ മാത്രമായി ഗതാഗതം പരിമിതപ്പെടുത്തും.