ഒക്ടോബറിലെ ലേബര്‍ ഗവണ്‍മെന്റിന്റെ ഇടക്കാല ബജറ്റില്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് വേട്ട ഉണ്ടാകുമെന്ന ആശങ്കയില്‍ ആസ്തികള്‍ വിറ്റൊഴിയാന്‍ മത്സരിച്ച് ലാന്‍ഡ്‌ലോര്‍ഡ്‌സും സേവിംഗ്‌സുകാരും.
പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ നികുതി വേട്ടയുടെ സൂചനകള്‍ പുറത്തുവന്നതോടെ വീടുകളും, നിക്ഷേപങ്ങളും വിറ്റൊഴിഞ്ഞ് ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സില്‍ പെടാതെ രക്ഷപ്പെടാന്‍ വലിയൊരു ശതമാനം നിക്ഷേപകര്‍ നീക്കം തുടങ്ങിയതായി സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒക്ടോബര്‍ ബജറ്റില്‍ നികുതികള്‍ ഉയര്‍ത്തി ലാഭത്തിന്റെ വലിയൊരു ഭാഗം ഗവണ്‍മെന്റ് കൈക്കലാക്കുമെന്ന് വ്യക്തമായതോടെയാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് തങ്ങളുടെ ഭവനങ്ങളും, നിക്ഷേപകങ്ങളും ഒഴിവാക്കാന്‍ ആരംഭിച്ചത്.
ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി, വരുന്ന ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് വേദനാജനകമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ആശങ്ക പടര്‍ത്തിയത്. കൂടുതല്‍ ശക്തമായ തോളുകള്‍ ഉള്ളവര്‍ക്ക് ഭാരവും കൂടുമെന്നായിരുന്നു വാക്കുകള്‍.
ടോറി ഗവണ്‍മെന്റ് കുറച്ച് നല്‍കിയ ഇന്‍കം ടാക്‌സ്, നാഷണല്‍ ഇന്‍ഷുറന്‍സ്, വാറ്റ് എന്നിവയില്‍ തൊടില്ലെന്ന് ലേബര്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതോടെയാണ് ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് എന്നിവയില്‍ ഇവര്‍ കൈവെയ്ക്കുന്നത്. രണ്ടാമത്തെ വീടിന്റെ വില്‍പ്പനയിലും, നിക്ഷേപങ്ങളില്‍ നിന്നുമുള്ള ലാഭത്തില്‍ നിന്നുമുള്ള നികുതിയാണ് ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ്.
എന്നാല്‍ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ് ലാന്‍ഡ്‌ലോര്‍ഡ്‌സിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കഠിനാധ്വാനം ചെയ്ത് സേവിംഗ്‌സും, നിക്ഷേപവും ഉള്‍പ്പെടുത്തി വാങ്ങിയ വീടുകള്‍ വിറ്റൊഴിയാന്‍ ഇതോടെ പലരും തയ്യാറാകുകയാണ്. എന്നാല്‍ ബ്രിട്ടന്‍ ദീര്‍ഘകാല നേട്ടത്തിനായി ചെറിയ വേദനകള്‍ അനുഭവിക്കാന്‍ തയ്യാറാകണമെന്നാണ് പ്രധാനമന്ത്രി സ്റ്റാര്‍മറുടെ ഉപദേശം. വിറ്റഴിക്കല്‍ മത്സരം ഭവനവിപണിക്കും, വീട് വാങ്ങാന്‍ മോഹിക്കുന്നവര്‍ക്കും ഗുണമാകുമോ എന്നത് കാത്തിരുന്നു കാണേണ്ടിവരും.