പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധിക്കാനൊരുങ്ങുന്നു; ആദ്യ പടി തുടങ്ങി സര്‍ക്കാര്‍
യുകെയില്‍ പൊതു സ്ഥലത്തെ പുകവലി കര്‍ശനമായി നിരോധിക്കാനുള്ള നീക്കത്തില്‍ സര്‍ക്കാര്‍. കര്‍ശന നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പബ്ബിനു പുറത്തും ഔട്ട് ഡോര്‍ റെസ്‌റ്റോറന്റുകളിലും ആശുപത്രി സമീപങ്ങളിലും യൂണിവേഴ്‌സിറ്റി സമീപവും ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ പുകവലി നിരോധനം കൊണ്ടുവരുമെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ സര്‍ക്കാര്‍ കൊണ്ടുവന്ന ടുബാക്കോ ആന്റ് വേപ്‌സ് ബില്ലിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കി വരികയാണ്. 2009 ജനുവരിയ്ക്ക് ശേഷം ജനിച്ചവര്‍ക്ക് പുകയില വില്‍പ്പന നിരോധിച്ചത് ഉള്‍പ്പെടെ കാര്യങ്ങള്‍ നടപ്പാവുകയാണ്. പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ നിയമമായില്ല. എന്നാല്‍ എല്ലാത്തിനും നല്ലതും ചീത്തയും വശമെന്ന പോലെ ഇതിലും സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നുണ്ട്.
കര്‍ശനമായ പുകവലി നിരോധനം പബ്ബുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ഹോസ്പിറ്റിലാറ്റി മേഖലയിലും തിരിച്ചടി നേരിടുമെന്നും റിഫോം യുകെ നേതാവ് നിഗല്‍ ഫരാഗ് വ്യക്തമാക്കി.
പുതിയ തീരുമാനം നടപ്പായാല്‍ ആശുപത്രികളും നടപ്പാതകളും ഉള്‍പ്പെടെ പുകവലി രഹിത മേഖലയാക്കിയേക്കും. സ്വന്തം വീട്ടിലും പാര്‍ക്ക് പോലെ തുറസ്സായ സ്ഥലത്തുമെല്ലാം പുകവലി ഇനി സാധിക്കൂ. ഇ സിഗററ്റ് നിരോധിക്കുമോ എന്നതു വ്യക്തമാക്കിയിട്ടില്ല.