നടന്‍ ജയസൂര്യയ്‌ക്കെതിരെ രണ്ടാമതൊരു ലൈംഗിക പീഡന പരാതിയില്‍കൂടി കേസെടുത്തു. തൊടുപുഴയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ച് ജയസൂര്യ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതി. തിരുവനന്തപുരം സ്വദേശിനിയായ നടി കരമന പൊലീസിന് നല്‍കിയ പരാതി തൊടുപുഴ പോലീസിന് കൈമാറി. ഐശ്വര്യ ഡോഗ്രെയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.
നേരത്തെ ജയസൂര്യക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരുന്നു.
സെക്രട്ടേറിയറ്റില്‍ സിനിമയുടെ ചിത്രീകരണത്തിനിടെ വാഷ്‌റൂമിന് സമീപം വെച്ച് ലൈംഗികാതിക്രമത്തിനിരയായെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിലാണ് ആദ്യ കേസ്. ഐപിസി 354, 354 എ, 509 വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീകളെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.
ഈ നടിയുടെ പരാതിയില്‍ ജയസൂര്യയെ കൂടാതെ നടനും സിപിഎം എംഎല്‍എയുമായ മുകേഷ്, ഇടവേള ബാബു, മണിയന്‍പിള്ള രാജു, കോണ്‍ഗ്രസ് നേതാവ് വിഎസ് ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തു.
ജയസൂര്യ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടു അമേരിക്കയിലാണ്.