ബ്രിട്ടന്‍ ആഴ്ചയില്‍ 4 പ്രവൃത്തിദിനങ്ങളിലേക്ക്; ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കാന്‍ പുതിയ പാക്കേജ്
ബ്രിട്ടന്‍ ആഴ്ചയില്‍ 4 പ്രവൃത്തിദിനങ്ങളിലേക്ക് നീങ്ങാനുള്ള ഒരുക്കത്തില്‍. ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ അനുവദിക്കാന്‍ പുതിയ പാക്കേജ് അനുവദിക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ ശ്രമം. പുതിയ നിയമം വരുന്നതോടെ ആഴ്ചയില്‍ 4 പ്രവൃത്തിദിനമെന്നത് ജോലിക്കാരുടെ അവകാശമാകും. സാധാരണ ജോലിക്കാര്‍ക്കും കൂടുതല്‍ സ്വകാര്യ സമയം ലഭിക്കാനായി ആഴ്ചയില്‍ നാല് ദിവസമായി ജോലി ദിവസം ചുരുക്കുന്ന പദ്ധതി തയ്യാറാക്കുകയാണ് ഇപ്പോള്‍ ലേബര്‍ ഗവണ്‍മെന്റ്.
ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാനുള്ള അവകാശം ചോദിക്കാന്‍ ജോലിക്കാര്‍ക്ക് അനുമതി നല്‍കുന്ന പുതിയ നിയമമാണ് ഒക്ടോബറോടെ അവതരിപ്പിക്കപ്പെടുക. ഇത് പ്രകാരം തൊഴില്‍ സമയം നിജപ്പെടുത്തുന്നത് വഴി അഞ്ച് ദിവസത്തിന് പകരം നാല് ദിവസത്തിനുള്ളില്‍ തങ്ങളുടെ കോണ്‍ട്രാക്ട് അനുസരിച്ചുള്ള മണിക്കൂറുകള്‍ ജോലി ചെയ്ത് തീര്‍ത്താല്‍ മതിയാകും.
ഓട്ടം സീസണില്‍ ലേബര്‍ അവതരിപ്പിക്കുന്ന പാക്കേജിലാണ് ജോലിക്കാര്‍ക്ക് കൂടുതല്‍ അവകാശങ്ങള്‍ ഉള്‍പ്പെടുകയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഈ നിയമത്തിനായി കൊടിപിടിക്കുന്നത്. ബിസിനസ്സുകളും, ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് നിയമം വികസിപ്പിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ എംപ്ലോയറില്‍ നിന്നും ജോലിക്കാര്‍ക്ക് ഫ്‌ളെക്‌സിബിള്‍ തൊഴില്‍ സമയം ആവശ്യപ്പെടാമെങ്കിലും ഇത് അനുവദിക്കണമെന്ന് കമ്പനിക്ക് നിബന്ധനയില്ല. എന്നാല്‍ പുതിയ നിയമം വരുന്നതോടെ ഇത് ജോലിക്കാരുടെ അവകാശമാകും. അസാധ്യമാകാത്ത സാഹചര്യങ്ങളില്‍ ഒഴിച്ച് നാല് ദിവസം ജോലി ചെയ്യാന്‍ അനുവദിച്ച് കൊടുക്കേണ്ടത് ബിസിനസ്സുകളുടെ ഉത്തരവാദിത്വമാകും. ഇതോടെ തിങ്കള്‍ മുതല്‍ വ്യാഴം വരെ ജോലി ചെയ്ത് വെള്ളിയാഴ്ച ഓഫാകുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങും.