ഇംഗ്ലണ്ടില്‍ ജോലി സ്ഥലത്ത് ആരോഗ്യ ചെക്കപ്പുകള്‍ നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. തടയാന്‍ കഴിയുന്ന രോഗങ്ങളെ ലക്ഷ്യമിട്ടുള്ള ട്രയല്‍സാണ് നടപ്പാക്കുന്നതെന്ന് ഗവണ്‍മെന്റ് പറഞ്ഞു. ആഗസ്റ്റ് 30ന് ആരംഭിക്കുന്ന ചെക്കപ്പുകള്‍ ജോലിസ്ഥലത്ത് വെച്ച് തന്നെ ജീവനക്കാര്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയും.
ഓരോ രോഗിക്കും നല്‍കുന്ന ചോദ്യാവലിയിലൂടെയാണ് വിവരങ്ങള്‍ രേഖപ്പെടുത്തുക. ഹൃദയസംബന്ധമായ അവസ്ഥകള്‍ ഉള്‍പ്പെടെയുള്ളവ ഈ വിവരങ്ങള്‍ ഉപയോഗിച്ച് നിശ്ചയിക്കുമെന്നതിനാല്‍ എന്‍എച്ച്എസ് അപ്പോയിന്റ്‌മെന്റിന് തുല്യമായ രീതിയില്‍ പരിഗണിക്കപ്പെടും.
ബില്‍ഡിംഗ്, ഹോസ്പിറ്റാലിറ്റി, ട്രാന്‍സ്‌പോര്‍ട്ട് മേഖലകളിലാണ് പ്രാഥമികമായി പദ്ധതി ലഭ്യമാക്കുക. വീടുകളില്‍ നല്‍കുന്ന ഡിജിറ്റല്‍ ഹെല്‍ത്ത് ചെക്കിംഗുകള്‍ നോര്‍ഫോക്ക്, മെഡ്‌വെ, ലാംബെത്ത് എന്നിങ്ങനെ ലോക്കല്‍ അതോറിറ്റികളിലാണ് ആരംഭിക്കുന്നത്. ആവശ്യമുള്ള സമയത്ത് സഹായം തേടിയാല്‍ പല മാരകമായ രോഗങ്ങളും ഒഴിവാക്കാന്‍ കഴിയുമെന്ന് പബ്ലിക് ഹെല്‍ത്ത് & പ്രിവന്‍ഷന്‍ മന്ത്രി ആന്‍ഡ്രൂ ഗ്വെയ്ന്‍ പറഞ്ഞു.
ചികിത്സയില്‍ നിന്നും പ്രതിരോധത്തിലേക്ക് ശ്രദ്ധ മാറ്റാനും, എന്‍എച്ച്എസിലെ സമ്മര്‍ദം കുറയ്ക്കാനും, ആളുകള്‍ക്ക് കൂടുതല്‍ കാലം ജീവിക്കാനും സഹായിക്കുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഏകദേശം 16 മില്ല്യണ്‍ ജനങ്ങള്‍ക്ക് എന്‍എച്ച്എസ് ഹെല്‍ത്ത് ചെക്കിനുള്ള യോഗ്യതയുണ്ട്. എന്നാല്‍ ക്ഷണിക്കപ്പെട്ടവരില്‍ 40% മാത്രമാണ് ഇത് പൂര്‍ത്തിയാക്കിയിട്ടുള്ളത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്‍മാരാണ് മുന്നോട്ട് വരാന്‍ മടി കാണിക്കുന്നത്.