ലൈംഗിക കുറ്റങ്ങള്‍; ന്യൂകാസിലിലെ കുട്ടികളുടെ ഹാര്‍ട്ട് സര്‍ജന്റെ ജോലി പോയി
ഒരു സഹപ്രവര്‍ത്തയോട് ഗൗരവമേറിയ ലൈംഗിക കുറ്റങ്ങള്‍ നടത്തി എന്നാരോപിച്ച് ന്യൂകാസിലിലെ കുട്ടികളുടെ ഹാര്‍ട്ട് സര്‍ജനെ ജോലിയില്‍ നിന്ന് പുറത്താക്കി. നിരവധി കുട്ടികളില്‍ ഹൃദയ ശസ്ത്രക്രിയകള്‍ നടത്തിയ പ്രമുഖ ഡോക്ടര്‍ക്ക് യുകെയില്‍ ജോലി നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ഡിസിപ്ലിനറി ട്രിബ്യൂണലിന്റെ വിധി വന്നു. തന്റെ ഒരു സഹപ്രവര്‍ത്തകയുടെ മാറിടത്തില്‍ വസ്ത്രത്തിനു മുകളിലൂടെ അമര്‍ത്തിപ്പിടിച്ചു എന്നതാണ് ഡോക്ടര്‍ ഫാബിരിസിയോ ഡി റിറ്റക്ക് എതിരെ ആരോപിക്കപ്പെടുന്ന കുറ്റം. ഇത് കുറ്റകരമായ ലൈംഗിക പീഡനമാണ് എന്നാണ് ട്രിബ്യൂണല്‍ നിരീക്ഷിച്ചത്.
എട്ടുമാസക്കാലത്തോളം ഒരു വനിതയെ ലൈംഗികമായി പീഡിപ്പിച്ച ഇയാള്‍ക്ക്, ഈ പെരുമാറ്റം ദൂഷ്യം തെളിയിക്കപ്പെട്ടതോടെ യു കെയില്‍ ഡോക്ടര്‍ ആയി ജോലി ചെയ്യാന്‍ കഴിയില്ല എന്നാണ് വിധി. ന്യൂകാസിലിലെ ഫ്രീമാന്‍ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് സര്‍ജന്‍ ആയിരുന്നു ഡോക്ടര്‍ ഡി റിറ്റ. ശിശുക്കളിലും കുട്ടികളിലും നിരവധി വിജയകരമായ ഹൃദയ ശസ്ത്രക്രിയകളും ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകളുമൊക്കെ ഇയാള്‍ നടത്തിയിട്ടുണ്ട്.
സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിക്കുക വഴി ഇയാള്‍ തൊഴിലിടത്തില്‍ പെരുമാറ്റ ദൂഷ്യം കാട്ടിയതായി മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വ്വീസ് പാനല്‍ വിധിക്കുകയായിരുന്നു. ഒരു സഹപ്രവര്‍ത്തകയുടെ അന്തസ്സിനെ ബഹുമാനിക്കുന്നതില്‍ ഡോക്ടര്‍ പരാജയപ്പെടുകയും ചെയ്തു എന്ന് പാനല്‍ വിലയിരുത്തി. 2022 മെയ് മാസം മുതല്‍ 2023 ജനുവരി വരെയുള്ള കാലയളവിലാണ് ഈ പീഢനങ്ങള്‍ അരങ്ങേറിയത്.
ഒരു യോഗത്തില്‍ പങ്കെടുക്കവെ ഇയാള്‍ സഹപ്രവര്‍ത്തകയുടെ കസേര തന്നോട് വലിച്ച് അടുപ്പിച്ചിരുന്നു. അതുകൂടാതെ മാറില്‍ അമര്‍ത്തി പിടിക്കുകയും ചെയ്തു. ഇത് ലൈംഗിക ചുവയോടെ ചെയ്തതാണെന്നും കാര്‍ഡിയാക് വിഭാത്തിലെ പ്രമുഖ ഡോക്ടര്‍ എന്ന നിലയിലുള്ള സ്ഥാനം ദുരുപയോഗം ചെയ്യലാണെന്നും പാനല്‍ നിരീക്ഷിച്ചു. കഴിഞ്ഞ 10 വര്‍ഷക്കാലമായി ന്യൂ കാസില്‍ ഹോസ്പിറ്റല്‍സ് എന്‍ എച്ച് എസ് ട്രസ്റ്റില്‍ ജോലി ചെയ്തിരുന്ന ഇയാളെ പരാതി ലഭിച്ച ഉടന്‍ തന്നെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഇറ്റാലിയന്‍ വംശജനായ ഇയാള്‍ ഇറ്റലിയില്‍ തന്നെയായിരുന്നു മെഡിസിന്‍ പഠനവും പരിശീലനവും നടത്തിയത്. യു കെയില്‍ ജോലി ചെയ്യുന്നതിന് മാത്രമാണ് ഇയാള്‍ക്ക് വിലക്കുള്ളത്. വിദേശ രാജ്യങ്ങളില്‍ ഇയാള്‍ക്ക് ഡോക്ടര്‍ എന്ന നിലയില്‍ ജോലി ചെയ്യാന്‍ കഴിയും. എന്നിരുന്നാലും, ഈ വിധി ഇന്റര്‍നാഷണല്‍ മെഡിക്കല്‍ റെഗുലേറ്ററിനെയും അറിയിക്കും.