സിനിമ

'ഞാന്‍ എന്തുപറയാനാണ്'? വഴുതിമാറി മോഹന്‍ലാല്‍

തിരുവനന്തപുരം: മലയാള സിനിമയുമായി ബന്ധപ്പെട്ട ലൈംഗിക വിവാദത്തില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വന്നെങ്കിലും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയും പ്രതിരോധം തീര്‍ത്തും മോഹന്‍ലാല്‍. ശനിയാഴ്ച രാവിലെ മുതല്‍ ചാനല്‍പ്പട ലാലേട്ടന്റെ വായുടെ നേരെ മൈക്കും നീട്ടി കാത്തിരുന്നിട്ടും കിട്ടാനുള്ളതൊന്നും കിട്ടിയില്ല. ഹേമാകമ്മറ്റി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നതായും താന്‍ സിനിമയിലെ പവര്‍ഗ്രൂപ്പില്‍ പെട്ട ആളല്ലെന്നും മോഹന്‍ലാല്‍ പറഞ്ഞുവെന്നു മാത്രം. മലയാള സിനിമയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച മോഹന്‍ലാല്‍ പ്രസക്തമായ പല ചോദ്യങ്ങളോടും ഒഴിഞ്ഞുമാറി. മാധ്യമങ്ങള്‍ മലയാള സിനിമയെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കരുതെന്നും എല്ലാവരും കൂടി രക്ഷിക്കണമെന്നും അപേക്ഷിച്ചു. ഹേമാകമ്മറ്റി റിപ്പോര്‍ട്ടിനെക്കുറിച്ചോ അതില്‍ പറഞ്ഞിരിക്കുന്ന പവര്‍ഗ്രൂപ്പിനെക്കുറിച്ചോ തനിക്കറിയില്ല എന്ന നിലയിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.

ഹേമക്കമ്മറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് മറുപടി പറയേണ്ടത് സിനിമാമേഖല മൊത്തമാണ്. ഹേമ കമ്മറ്റിയോട് രണ്ടു തവണ സംസാരിച്ചയാളാണ് ഞാന്‍. എന്റെ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. മൊത്തം സിനിമകളെക്കുറിച്ച് പറയാനാകില്ല. ലൈംഗികാപവാദത്തില്‍ കുരുങ്ങിയ സഹപ്രവര്‍ത്തകരെ മാറ്റിനിര്‍ത്തുമോ എന്ന ചോദ്യത്തിന് കോടതിയില്‍ ഇരിക്കുന്ന കാര്യത്തില്‍ താന്‍ എന്തു മറുപടി പറയാനാണ് എന്ന മറുചോദ്യം എറിയുകയായിരുന്നു.

വല്ലാത്ത ചോദ്യങ്ങള്‍ ചോദിക്കരുതെന്നും സിനിമാ മേഖലയെ തകര്‍ക്കരുതെന്നും പറഞ്ഞുകൊണ്ടായിരുന്നു ലാല്‍ വാര്‍ത്താസമ്മേളനം തുടങ്ങിയത്. പ്രതികരിക്കാന്‍ വൈകിയത് താന്‍ കുറച്ചു കാലമായി കേരളത്തില്‍ ഇല്ലാതിരുന്നതിനാലാണ്. സിനിമാതിരക്കുകള്‍ മൂലമാണ് വൈകിയത്. ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ ആരോപണങ്ങള്‍ മുഴുവനും അനാവശ്യമായി ഞങ്ങള്‍ക്ക് നേരെയാണ് വരുന്നത്. കുറ്റങ്ങളും തെറ്റുകളും ഉണ്ടാകാം. അതിന് ഒരാളേയോ ഒരു സംഘടനയെയോ മാത്രം ക്രൂശിക്കരുത്. സിനിമയിലെ പ്രശ്‌നങ്ങള്‍ക്ക് സിനിമാക്കാര്‍ മാത്രമല്ല എല്ലാവരും ഉത്തരവാദികളാണ്. മറുപടി പറയേണ്ടത് അമ്മ മാത്രമല്ലെന്നും എല്ലാമേഖലയില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമാണ് സിനിമയിലുമുള്ളതെന്നും പറഞ്ഞു.
അമ്മ അനേകം ക്ഷേമകാര്യങ്ങള്‍ ചെയ്യുന്ന സംഘടനയാണ്. കോവിഡിലും പ്രളയത്തിലുമെല്ലാം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പണം നല്‍കി. ഓണത്തിന് ചെയ്യുന്ന ഷോയിലൂടെ കിട്ടുന്ന പണം വയനാട്ടില്‍ ദുരിതമനുഭവിച്ചവര്‍ക്ക് നല്‍കും. അമ്മയില്‍ നിന്നുള്ള കൂട്ടരാജി എല്ലാവരുമായി ഒരുമിച്ച് ചേര്‍ന്ന് എടുത്ത തീരുമാനമാണ്. വിവാദങ്ങളോട് മറുപടി പറയാന്‍ ഒളിച്ചോടിയിട്ടില്ലെന്നും രാജിവെച്ചെങ്കിലും സംഘടനയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. അമ്മ ട്രേഡ് യൂണിയനല്ല. തലപ്പത്തേക്ക് പുതിയ ആള്‍ക്കാര്‍ വരട്ടെ. വിമര്‍ശിക്കുന്നവര്‍ക്ക് തലപ്പത്തേക്ക് വരാം. സിനിമയില്‍ പരാതിയുള്ളവര്‍ക്ക് പോലീസിനെ സമീപിക്കാമെന്നും ലാല്‍ പറഞ്ഞു.

അനേകം ആള്‍ക്കാര്‍ ചേര്‍ന്ന് ഒരുപാട് കഷ്ടപ്പെട്ട് പോകുന്ന മേഖലയാണ് സിനിമ. അതിനെ തകര്‍ക്കരുതെന്നും ഒരു ഫോക്കസിലേക്ക് മാത്രമായി പ്രശ്‌നങ്ങള്‍ ചുരുക്കരുതെന്നും പ്രതിസന്ധി മറികടക്കാന്‍ എല്ലാവരും സഹായിക്കേണ്ടതുണ്ടെന്നും പറഞ്ഞു. ഒരു ദിവസം കൊണ്ട് ഞങ്ങള്‍ എങ്ങിനെയാണ് മാധ്യമങ്ങള്‍ക്ക് അന്യരായെന്നും മോഹന്‍ലാല്‍ ചോദിച്ചു.

കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷമാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. സിനിമ എന്നു പറയുന്നതു സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. എന്നുവച്ച് അതിനെയെല്ലാം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല.

എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതല്‍ ശരങ്ങള്‍ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തില്‍ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.


വളരെയധികം സങ്കടമുണ്ട്. 47 വര്‍ഷം സിനിമയുമായി സഹകരിച്ച വ്യക്തിയെന്ന നിലയിലുള്ള അഭ്യര്‍ഥനയാണിത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്റെ കയ്യില്‍ ഉത്തരങ്ങളില്ല. നിങ്ങളുടെ കയ്യിലാണ് ഇക്കാര്യം നില്‍ക്കുന്നത്. കോടതിയില്‍ ഇരിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍ സംഭവിച്ചു പോയി. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള കാര്യമാണു ചെയ്യേണ്ടത്. പൊലീസും കോടതിയും സര്‍ക്കാരുമാണ് നടപടികള്‍ സ്വീകരിക്കുന്നത്. മാധ്യമങ്ങളും കൂടി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം.

സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് അമ്മയും സഹകരിക്കും. ശുദ്ധീകരണത്തിന്, നല്ല കാര്യത്തിനായുള്ള നീക്കങ്ങളില്‍ സഹകരിക്കുമോ എന്ന ചോദ്യത്തിന് സഹകരിക്കും എന്നു തന്നെയാണ് ഉത്തരം. അമ്മ മാത്രമല്ല നിരവധി സംഘടനകള്‍ ഉണ്ട്, അവരെല്ലാവരുമായി മാധ്യമങ്ങള്‍ സംസാരിക്കണം. അവരുടെ അഭിപ്രായങ്ങളും ശേഖരിക്കണം. പരിചയമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ കേട്ടു. അമ്മ ഇതിനെല്ലാം പ്രതികരിക്കണം എന്നുപറഞ്ഞാല്‍ എങ്ങനെ സാധിക്കും.

കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് നിങ്ങള്‍ക്കറിയുന്ന അറിവ് തന്നെയാണ് എനിക്കുള്ളത്. അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ അല്ല സംസാരിക്കുന്നത്. സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. വ്യവസായം തകര്‍ന്നുപോകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. നിങ്ങളും എന്നോടൊപ്പം സഹകരിക്കണം- ലാല്‍ പറയുന്നു.

  • ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി- ഭാഗ്യലക്ഷ്മി
  • ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ പ്രതിഷേധം; ഫെഫ്കയില്‍ നിന്ന് രാജിവച്ച് ഭാഗ്യലക്ഷ്മി
  • ദിലീപ് അഗ്നിശുദ്ധി വരുത്തി; ജയിലിലിട്ടതിന് ആര് നഷ്ടപരിഹാരം നല്‍കും? സുരേഷ് കുമാര്‍
  • 'അവള്‍ക്കൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍
  • ഗര്‍ഭിണികളും കുട്ടികളും പങ്കെടുക്കരുത്; കര്‍ശന നിബന്ധനകളോടെ വിജയ്‌യുടെ പൊതുയോഗത്തിന് അനുമതി
  • ലാല്‍ ജോസിന്റെ നേതൃത്വത്തില്‍ കലാഭവന്‍ ലണ്ടന്‍, ലണ്ടനില്‍ ആക്റ്റിംഗ് & ഫിലിം മേക്കിങ് വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു
  • ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് 350 കോടി ക്ലബിലെത്തി 'ദൃശ്യം 3'!
  • ദേശീയ പുരസ്‌കാരങ്ങള്‍ അട്ടിമറിച്ചു; ഒപ്പം മലയാളി ജൂറി അംഗവും- വെളിപ്പെടുത്തലുമായി ബാലചന്ദ്ര മേനോന്‍
  • ദൃശ്യം 3 റിലീസിന് മുന്‍പേ എല്ലാ അവകാശങ്ങളും സ്വന്തമാക്കി പനോരമ സ്റ്റുഡിയോസ്
  • ഹണി റോസിന്റെ 'റേച്ചല്‍' വരാന്‍ വൈകും, പുതിയ റിലീസ് തിയതി പുറത്ത്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions