വീട് വാങ്ങാനും ഇനി ധനസഹായം ലഭിക്കില്ല! റൈറ്റ് ടു ബൈ സ്‌കീം എടുത്തുകളയാന്‍ ഹൗസിംഗ് സെക്രട്ടറി
ലോക്കല്‍ അതോറിറ്റികളുടെ ധനക്കമ്മി പരിഗണിച്ചു വീട് വാങ്ങാനുള്ള ധനസാഹായമായ റൈറ്റ് ടു ബൈ സ്‌കീം എടുത്തുകളയാന്‍ ഹൗസിംഗ് സെക്രട്ടറി ആഞ്ചെല റെയ്‌നര്‍ നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ട്.
പുതിയ കൗണ്‍സില്‍ ഭവനങ്ങള്‍ക്ക് റൈറ്റ് ടു ബൈ സ്‌കീം റദ്ദാക്കണമെന്നാണ് നൂറിലേറെ ലോക്കല്‍ അതോറിറ്റികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സ്വന്തം കൗണ്‍സില്‍ ഭവനം വാങ്ങാനായി റെയ്‌നറെ സഹായിച്ച സ്‌കീമാണ് മറ്റ് ജനങ്ങള്‍ക്ക് മുന്നില്‍ ഇവര്‍ അവസാനിപ്പിക്കാന്‍ തയ്യാറെടുക്കുന്നത് എന്നതാണ് വിരോധാഭാസം. 2.2 ബില്ല്യണ്‍ പൗണ്ടിന്റെ ധനക്കമ്മി നേരിടുന്ന ലോക്കല്‍ അതോറിറ്റികള്‍ സമ്മര്‍ദം ചെലുത്താന്‍ തുടങ്ങിയതോടെയാണ് ഈ സ്‌കീമിന് മരണമണി മുഴങ്ങിയത്.
1980-ല്‍ മാര്‍ഗററ്റ് താച്ചര്‍ ആരംഭിച്ച സ്‌കീം റദ്ദാക്കുന്നതിനെ കുറിച്ച് ആലോചിക്കാനായി ഹൗസിംഗ് സെക്രട്ടറി അഭിപ്രായസ്വരൂപണം നടത്തുന്നതായാണ് സൂചന. കഴിഞ്ഞ മാസം ഹൗസിംഗ് പരിഷ്‌കാരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉപപ്രധാനമന്ത്രി ലോക്കല്‍ അതോറിറ്റികളുമായി അടിയന്തര യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ സ്‌കീം റദ്ദാക്കുന്ന ആലോചനകള്‍ ഉണ്ടായോയെന്ന് വ്യക്തമല്ലെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു.
റൈറ്റ് ടു ബൈ സ്‌കീമുകളാണ് വാടകക്കാര്‍ക്ക് തങ്ങളുടെ കൗണ്‍സില്‍ വീടുകള്‍ ലോക്കല്‍ അതോറിറ്റികളില്‍ നിന്നും വലിയ ഡിസ്‌കൗണ്ടില്‍ സ്വന്തമാക്കാന്‍ അവസരം നല്‍കിയത്. ഇപ്പോള്‍ ഉപപ്രധാനമന്ത്രിയായ റെയ്‌നര്‍ ഈ സ്‌കീമിന്റെ പ്രയോജനം സ്വയം നേടിയിട്ടുള്ളതാണ് . മാഞ്ചസ്റ്ററിലെ സ്‌റ്റോക്ക്‌പോര്‍ട്ടില്‍ തന്റെ മുന്‍ കൗണ്‍സില്‍ ഭവനം 79,000 പൗണ്ടിനാണ് ഇവര്‍ നേടിയത്.
എന്നാല്‍ പുതിയ കൗണ്‍സില്‍ ഭവനങ്ങള്‍ക്ക് ഈ സ്‌കീം റദ്ദാക്കണമെന്നാണ് നൂറിലേറെ ലോക്കല്‍ അതോറിറ്റികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പദ്ധതി കൗണ്‍സിലുകളുടെ ബജറ്റില്‍ 2.2 ബില്ല്യണ്‍ പൗണ്ട് വിടവ് വരുത്തുന്നതായി സൗത്ത്‌വാര്‍ക്ക് കൗണ്‍സില്‍ കമ്മീഷന്‍ ചെയ്ത റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ ഭവനപ്രതിസന്ധി കൂടുതല്‍ ദുസ്സഹമാക്കാനാണ് ഇത് വഴിയൊരുക്കുന്നതെന്നാണ് കൗണ്‍സിലുകളുടെ പരാതി. പക്ഷേ ജനത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയ തിരിച്ചടിയാണ്.