ആഗോള തലത്തില്‍ രോഗികളില്‍ നിന്നും പകുതിയോളം ഡോക്ടര്‍മാര്‍ക്കും ലൈംഗിക അതിക്രമം ഏറ്റുവാങ്ങേണ്ടി വരുന്നതായി പുതിയ ഗവേഷണം. ഇത്തരം പെരുമാറ്റങ്ങള്‍ നേരിടുമ്പോള്‍ അലാറം മുഴക്കി രക്ഷപ്പെടാന്‍ ഡോക്ടര്‍മാര്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
രോഗികളില്‍ നിന്നും വിവിധ തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടതായി 45% ഡോക്ടര്‍മാരാണ് ആഗോള തലത്തില്‍ വെളിപ്പെടുത്തിയത്. ഏഴ് രാജ്യങ്ങളിലെ പഠനം ഇന്റേണല്‍ മെഡിസിന്‍ ജേണലിലാണ് പ്രസിദ്ധീകരിച്ചത്.
52.2% വനിതാ ഡോക്ടര്‍മാരാണ് ലൈംഗിക പീഡനം അനുഭവിച്ചതായി വ്യക്തമാക്കിയത്. പുരുഷ ഡോക്ടര്‍മാരില്‍ ഇത് 34.4 ശതമാനമാണ്. ലൈംഗികമായി നോക്കുകയും, അത്തരം ചുവയുള്ള കമന്റുകള്‍ നേരിടുകയും, ഡേറ്റിംഗ് ചോദിക്കുകയും, മോശമായി സ്പര്‍ശിക്കുകയും ചെയ്യുന്നതും, പ്രണയസന്ദേശങ്ങള്‍ അയയ്ക്കുന്നതുമെല്ലാം രോഗികളുടെ ഭാഗത്ത് നിന്നും ഡോക്ടര്‍മാര്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ പെടുന്നു.
ലണ്ടന്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗമായ ബിര്‍ബെക്ക് കോളേജാണ് ഇത്തരമൊരു അന്വേഷണം നടത്തിയത്. കണ്ടെത്തലുകള്‍ ഭയപ്പെടുത്തുന്നതാണെന്ന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് പറഞ്ഞു. രോഗികള്‍ക്കൊപ്പം ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ സുരക്ഷിതമാക്കാന്‍ സുപ്രധാന നടപടി വേണമെന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.
എന്‍എച്ച്എസില്‍ നിന്നും ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തിപ്പോകുന്നതിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണ് ലൈംഗിക അതിക്രമം .