മാഞ്ചസ്റ്റര്‍ മലയാളി സ്റ്റെയര്‍കേസില്‍ നിന്നും വീണു മരിച്ചു; ഭാര്യയും മക്കളും ദുരന്തം അറിയുന്നത് യുഎകെയിലേക്കുള്ള യാത്രയ്ക്കിടെ
യുകെയിലെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി മാഞ്ചസ്റ്റര്‍ മലയാളി പ്രദീപ് നായര്‍ (49)സ്റ്റെയര്‍കേസില്‍ നിന്നും തെന്നി വീണു മരിച്ചു. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവം. ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന പ്രദീപിന് മുകള്‍ നിലയിലെ കുത്തനെയുള്ള പടികള്‍ ഇറങ്ങവേ കാല്‍ തെന്നി താഴെ വീഴുക ആയിരുന്നു എന്ന് പറയപ്പെടുന്നു.
വീഴ്ചയില്‍ തല ഇടിച്ചതാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം. മാഞ്ചസ്റ്റര്‍ ഹിന്ദു സമാജത്തിന്റെ സജീവ പ്രവര്‍ത്തകനായ പ്രദീപ് ആദ്യകാല മലയാളി കുടിയേറ്റത്തിലെ അംഗം കൂടിയാണ്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടില്‍ ചെക് ഇന്‍ സര്‍വീസില്‍ ജോലി ചെയ്തിരുന്ന പ്രദീപ് ഏതാനും നാളുകളായി കാര്‍ പാര്‍ക്ക് സെക്യൂരിറ്റി വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. നാട്ടില്‍ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ പ്രദീപ് കേരള പൊലീസിലെ ജോലി ഉപേക്ഷിച്ചാണ് യുകെയില്‍ എത്തുന്നത്.
പ്രദീപ് വീണതിനെ തുടര്‍ന്ന് കൂടെ താമസിച്ചിരുന്നവര്‍ പാരാമെഡിക്സിനേയും പോലീസിനെയും അടിയന്തിരമായി വിവരം അറിയിക്കുക ആയിരുന്നു. പോലീസ് എത്തി കുടുംബത്തിന്റെ വിവരങ്ങള്‍ അടുത്തതോടെയാണ് ഭാര്യയും മക്കളും നാട്ടില്‍ ആണെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് പോലീസ് കേരള പോലീസിന്റെ സഹായത്തോടെ വിവരം കൈമാറുക ആയിരുന്നു.
അവധി കഴിഞ്ഞു യുകെയിലേക്ക് മടങ്ങാന്‍ പ്രദീപിന്റെ ഭാര്യയും മക്കളും കൊച്ചി എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോളാണ് ദാരുണമായ വിവരം എത്തുന്നത്. ഇവര്‍ മാഞ്ചസ്റ്ററില്‍ എത്തിയശേഷമായിരിക്കും മറ്റു കാര്യങ്ങളില്‍ തീരുമാനം ആകുക.