ലേബറിന്റെ സാമ്പത്തിക മുന്നറിയിപ്പുകളില്‍ ആശങ്കയോടെ ബിസിനസ് സ്ഥാപനങ്ങള്‍; ജോലിക്കാരെ തേടുന്നത് നിര്‍ത്തിവച്ചു
ലേബര്‍ ഗവണ്‍മെന്റ് അധികാരത്തിലെത്തുന്നതിന് മുന്‍പും, അതിന് ശേഷവുമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ച് നടത്തിയ പ്രചരണങ്ങളുടെ പ്രത്യാഘാതം തൊഴില്‍ വിപണിയെ ബാധിക്കുന്നു. ബജറ്റിന് മുന്നോടിയായി ധനകാര്യ മേഖല നേരിടുന്ന ദുരന്തങ്ങളെ കുറിച്ച് മാത്രമാണ് ഗവണ്‍മെന്റ് സംസാരിക്കുന്നത്. ഈ ഘട്ടത്തിലാണ് ബിസിനസ്സുകള്‍ ജോലിക്കാരെ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുന്നത്. പുതിയ ജീവനക്കാരെ ജോലിക്കെടുക്കുന്നത് സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ലേബര്‍ ഗവണ്‍മെന്റ് തൊഴിലാളികളുടെ അവകാശങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നതിലും സ്ഥാപനങ്ങള്‍ ആശങ്ക പ്രകടിപ്പിക്കുന്നു. അടുത്ത മാസം ബജറ്റില്‍ പല കടുത്ത നികുതി വര്‍ദ്ധനവുകളും ഉണ്ടാകുമെന്ന ആശങ്കയാണ് ബിസിനസ്സ് നേതാക്കള്‍ പങ്കുവെയ്ക്കുന്നത്. ഇതിനിടയിലാണ് റിക്രൂട്ട്‌മെന്റ് & എംപ്ലോയ്‌മെന്റ് കോണ്‍ഫെഡറേഷന്റെയും, കെപിഎംജിയുടെയും റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ലേബറിന്റെ നികുതിവേട്ട ഭയന്ന് പല കോടീശ്വരന്‍മാരും നാടുകടക്കുന്നതായാണ് കണക്ക്. ജീവനക്കാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് സംഭാവന വര്‍ദ്ധിപ്പിക്കില്ലെന്ന വാഗ്ദാനം നിലനില്‍ക്കുന്നതിനാല്‍ എംപ്ലോയര്‍ കോണ്‍ട്രിബ്യൂഷന്‍ വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. കൂടാതെ ക്യാപ്പിറ്റല്‍ ഗെയിന്‍സ് ടാക്‌സ്, ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് എന്നിവയും ഉയര്‍ന്നേക്കാം. ഇതെല്ലാം ബിസിനസ്സുകള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
കൂടാതെ തൊഴിലാളികള്‍ക്ക് അനുകൂലമായ കൂടുതല്‍ അവകാശങ്ങള്‍ ലഭ്യമാക്കാന്‍ ലേബര്‍ ഗവണ്‍മെന്റ് പുതിയ നിയമത്തിന് ഒരുങ്ങുന്നതും സ്ഥാപനങ്ങളെ പിന്നോട്ട് വലിയ്ക്കുന്നു. ഓട്ടം സീസണില്‍ നടപ്പാക്കുന്ന പുതിയ നിയമം പാസായാല്‍ തങ്ങളെ കൊണ്ട് കൂടുതല്‍ ജോലി ചെയ്യിക്കുന്നതായി അനുഭവപ്പെട്ടാല്‍ ജോലിക്കാര്‍ക്ക് മേധാവികള്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാന്‍ അധികാരം ലഭിക്കും.
ആഴ്ചയില്‍ 48 മണിക്കൂറില്‍ കൂടുതല്‍ ജോലി ചെയ്യിക്കുന്ന അവസ്ഥ നേരിട്ടാല്‍ ജോലിക്കാര്‍ക്ക് നഷ്ടപരിഹാരം തേടാമെന്നാണ് മന്ത്രിമാര്‍ സ്വീകരിക്കുന്ന നടപടികളുടെ ഫലമെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൂറോപ്യന്‍ വര്‍ക്കിംഗ് ടൈം നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊണ്ട് യുകെയില്‍ ഇത് നിയമമാക്കി മാറ്റാന്‍ മുന്‍ ലേബര്‍ ഗവണ്‍മെന്റ് ആലോചിച്ചിരുന്നു.
നിലവില്‍ കൗണ്‍സിലുകള്‍ക്കും, ഹെല്‍ത്ത് & സേഫ്റ്റി എക്‌സിക്യൂട്ടീവിനും ഈ നയങ്ങള്‍ നടപ്പാക്കാം, എന്നാല്‍ ട്രിബ്യൂണലുകളില്‍ ഇത് വിചാരണയ്ക്ക് എടുക്കുന്നില്ല. ഒക്ടോബറില്‍ ജോലിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ലേബര്‍ പാക്കേജ് പ്രഖ്യാപിക്കുമ്പോള്‍ ഇതിലും മാറ്റം വരുത്താനാണ് നീക്കം. ആഴ്ചയില്‍ നാല് ദിവസം ജോലി ചെയ്യാന്‍ അനുമതി ചോദിക്കുന്നത് ഉള്‍പ്പെടെയുള്ളവ അവകാശങ്ങളുടെ ഭാഗമാണ്.