സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ക്ക് ഉള്‍പ്പെടെ ജയിലില്‍ പോയ ശേഷം പകുതി കാലംപോലും ശിക്ഷ അനുഭവിക്കാതെ കുറ്റവാളികള്‍ പുറത്തേയ്ക്ക്. ഇവരെ ഇപ്രകാരം തുറന്നുവിടുന്നത് നൂറുകണക്കിന് ഇരകള്‍ക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റായിരിക്കും. കാരണം ലേബര്‍ ഗവണ്‍മെന്റിന്റെ തടവുകാരുടെ കൂട്ടമോചനത്തില്‍ ഇരകള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. ഇത് പല ഇരകള്‍ക്കും ഷോക്കായി മാറുമെന്ന് ലണ്ടന്‍ വിക്ടിംഗ് കമ്മീഷണര്‍ ക്ലെയര്‍ വാക്‌സ്മാന്‍ മുന്നറിയിപ്പ് നല്‍കി. കുറ്റവാളികള്‍ നേരത്തെ പുറത്തിറങ്ങുമെന്ന് ഇവര്‍ക്ക് അറിവില്ല. ഇരകള്‍ക്ക് സുരക്ഷ ഉറപ്പാക്കിയില്ലെങ്കില്‍ അപകടങ്ങള്‍ ഉണ്ടാകാമെന്നും വാക്‌സ്മാന്‍ ചൂണ്ടിക്കാണിച്ചു.
അടുത്ത ആറാഴ്ച കാലത്ത് 5000-ലേറെ തടവുകാരാണ് ജസ്റ്റിസ് സെക്രട്ടറി ഷബാനാ മഹ്മൂദിന്റെ പദ്ധതി പ്രകാരം മോചിതരാകുന്നത്. ബ്രിട്ടനിലെ ജയിലുകള്‍ തടവുകാരെ കൊണ്ട് നിറഞ്ഞ് സ്ഥലപരിമിതി നേരിട്ട പ്രതിസന്ധി അയയ്ക്കാനാണ് ഈ നീക്കം. എന്നാല്‍ ഗുരുതര അക്രമികള്‍ ഉള്‍പ്പെടെയുള്ള ഇതിന്റെ ഭാഗമായി പുറത്തുവരുമെന്നതാണ് പ്രശ്‌നമായി മാറുന്നത്.
ഇതിന്റെ ആദ്യ ഭാഗമായി 1750 തടവുകാര്‍ ഇന്ന് ഇംഗ്ലണ്ടിലും, വെയില്‍സിലും തെരുവിലിറങ്ങും. 40 ശതമാനം മാത്രം തടവുശിക്ഷ അനുഭവിച്ചാണ് കുറ്റവാളികള്‍ സ്വാതന്ത്ര്യം നേടുന്നത്. അക്രമങ്ങള്‍, കവര്‍ച്ച, മോഷണം എന്നീ കുറ്റങ്ങള്‍ നടത്തിയവര്‍ മോചിതരാകും. ഗാര്‍ഹിക പീഡനം നടത്തിയ സ്ഥിരം കുറ്റവാളികളും പുറത്തിറങ്ങുമെന്നത് ഇരകള്‍ക്ക് ഇരുട്ടടിയാകും.
യുകെയിലെ ജയിലുകളില്‍ തിരക്ക് അനിയന്ത്രിതമായതോടെയാണ് സ്ഥലം ഒപ്പിച്ചെടുക്കാന്‍ തടവുകാരെ ശിക്ഷാ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് വിട്ടയയ്ക്കുന്നത്. തടവുശിക്ഷയുടെ 40-45% അനുഭവിച്ച് കഴിഞ്ഞാല്‍ തടവുകാരെ സ്വാഭാവികമായി വിട്ടയ്ക്കാനുള്ള ഗവണ്‍മെന്റ് സ്‌കീം പ്രകാരമാണ് ഇത് നടപ്പാകുന്നത്.
വിട്ടയയ്ക്കുന്നവരില്‍ പങ്കാളികളെ ക്രൂരമായി അക്രമിച്ച് രസിച്ചവരുണ്ടെന്നാണ് ടൈംസ് റിപ്പോര്‍ട്ട്. അക്രമിക്കുന്നതില്‍ രസം കണ്ടെത്തുന്നതായി പങ്കാളിയോട് പറഞ്ഞ അക്രമിയും, പങ്കാളിയെ ശ്വാസം മുട്ടിച്ച്, താടിയെല്ല് പൊട്ടിക്കുകയും ചെയ്ത പ്രതിയും വരെ മോചിപ്പിക്കപ്പെടുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പങ്കാളിയെ വര്‍ഷങ്ങളോളം മാനസികവും, ശാരീരികവുമായി പീഡിപ്പിച്ചതിന് അകത്തായ കോണര്‍ ഷോ തനിക്ക് വിധിക്കപ്പെട്ട 32 മാസത്തിന് പകരം വെറും 13 മാസത്തെ ശിക്ഷ പൂര്‍ത്തിയാക്കി പുറത്തിറങ്ങുമെന്നാതണ് കീര്‍ സ്റ്റാര്‍മറുടെ പദ്ധതി സൃഷ്ടിക്കുന്ന പ്രത്യാഘാതം.
മുന്‍പ് 50% ശിക്ഷ അനുഭവിച്ചവരെ വിട്ടയച്ച സ്ഥാനത്താണ് ഇത് 40 ശതമാനമാക്കി ചുരുക്കുന്നത്. ജയിലുകളില്‍ തിരക്കേറിയതോടെയാണ് അടിയന്തര പദ്ധതി നടപ്പാക്കി ശിക്ഷ വെട്ടിക്കുറച്ച് തടവുകാരെ വിട്ടയ്ക്കാന്‍ ഗവണ്‍മെന്റ് നിര്‍ബന്ധിതമായത്.