യു.കെ.വാര്‍ത്തകള്‍

ബ്രിട്ടനിലേക്കുള്ള കെയറര്‍ വിസ അപേക്ഷകളില്‍ വന്‍ കുറവ്; 5 മാസം 13,000 അപേക്ഷകള്‍ മാത്രം

പുതിയ കുടിയേറ്റ നിയമങ്ങള്‍ ബ്രിട്ടനിലെ ആരോഗ്യ മേഖലയെ വലയ്ക്കുന്നു. ബ്രിട്ടനിലേക്കുള്ള കെയറര്‍ വിസ അപേക്ഷകളില്‍ വന്‍ കുറവ് വരുന്നത് ആരോഗ്യ മേഖലയ്ക്ക് ബാധ്യതയാവുകയാണ്. ഇതിനെ സാധൂകരിക്കുന്ന പുതിയ കണക്കുകള്‍ പുറത്തു വന്നു. ഇക്കഴിഞ്ഞ ഏപ്രിലിനും ആഗസ്റ്റിനും ഇടയിലായി ബ്രിട്ടനിലെ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയ്ക്കായി ലഭിച്ചത് വെറും 13,100 അപേക്ഷകള്‍ മാത്രമാണ് എന്ന് ഹോം ഓഫീസിന്റെ ഔദ്യോഗിക കണക്ക് പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അപേക്ഷിച്ചത് 75,900 പേരായിരുന്നു എന്നും ഔദ്യോഗിക കുറിപ്പില്‍ പറയുന്നു. ഇപ്പോള്‍ തന്നെ ജീവനക്കാരുടെ ക്ഷാമം മൂലം ക്ലേശമനുഭവിക്കുകയും, വിദേശ തൊഴിലാളികള്‍ അധികമായി ആശ്രയിക്കുകയും ചെയ്യുന്ന എന്‍ എച്ച് എസ്സ് ഉള്‍പ്പടെയുള്ള ബ്രിട്ടീഷ് ആരോഗ്യ മേഖലയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തും.

ഈ വര്‍ഷം ഏപ്രിലില്‍, ഹെല്‍ത്ത് ആന്‍ഡ് കെയര്‍ വിസയ്ക്കായി ലഭിച്ചത് 2,300 അപേക്ഷകളായിരുന്നു. അതേസമയം, കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലഭിച്ചത് 18,300 അപേക്ഷകളും. വിസ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാവുകയും, ആശ്രിതരെ കൊണ്ടു വരുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതുമൊക്കെയാണ് ഈ രംഗത്തെ പ്രൊഫഷണലുകള്‍ ബ്രിട്ടനെ ഒഴിവാക്കാന്‍ കാരണം.

അതേസമയം, സ്‌കില്‍ഡ് വര്‍ക്കേഴ്സ് വിസയ്ക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള കാലയളവില്‍ 33,700 അപേക്ഷകളാണ് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കായി ലഭിച്ചത്. 2023 ല്‍ ഇതേ കാലയളവില്‍ ലഭിച്ചതിനേക്കാള്‍ 12 ശതമാനം കൂടുതലാണിത്. നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കുന്നതിനായി കഴിഞ്ഞ കണ്‍സര്‍വേറ്റീവ് സര്‍ക്കാര്‍ ആയിരുന്നു കെയര്‍ വര്‍ക്കേഴ്സ് വിസയ്ക്ക് മേല്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്.

കഴിഞ്ഞ മാര്‍ച്ചിലായിരുന്നു വിദേശ കെയര്‍ വര്‍ക്കര്‍മാര്‍ ആശ്രിതരെ കൊണ്ടു വരുന്നത് വിലക്കിക്കൊണ്ടുള്ള പുതിയ നിയമം ഇറങ്ങിയത്. ഏപ്രിലില്‍, യു കെയിലേക്കുള്ള സ്‌കില്‍ഡ് വിസ ലഭിക്കുന്നതിനുള്ള ചുരുങ്ങിയ ശമ്പള പരിധി 26,200 ല്‍ നിന്നും 38,700 ആക്കി ഉയര്‍ത്തുകയും ചെയ്തു. അതോടൊപ്പം, വിദേശ തൊഴിലാളികളെ സ്‌പോണ്‍സര്‍ ചെയ്യണമെങ്കില്‍, കെയര്‍ സ്ഥാപനങ്ങള്‍ കെയര്‍ ക്വാളിറ്റി കമ്മീഷനില്‍ റെജിസ്റ്റര്‍ ചെയ്യണം എന്നതും നിര്‍ബന്ധമാക്കി. അതുകൊണ്ടും തീര്‍ന്നില്ല സര്‍ക്കാരിന്റെ പുതിയ നിയന്ത്രണങ്ങള്‍. കുടുംബത്തെ കൂടെ കൊണ്ടു വരണമെങ്കിലുള്ള ചുരുങ്ങിയ ശമ്പള പരിധി 18,600 പൗണ്ടില്‍ നിന്നും 29,000 പൗണ്ടാക്കി ഉയര്‍ത്തുകയും ചെയ്തു.

ലേബര്‍ സര്‍ക്കാര്‍ ഈ നിയമങ്ങള്‍ പുനപരിശോധിക്കാന്‍ ഒരുങ്ങുകയാണ്. സുപ്രധാന മേഖലകളിലെ വേതന പരിധികളും ജീവനക്കാരുടേ ക്ഷാമവുമെല്ലാം പഠിച്ച് സ്‌കില്‍ഡ് വര്‍ക്കര്‍ വിസ ചട്ടങ്ങളിലെ പുതിയ നിയന്ത്രണം നടപ്പാക്കുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കാന്‍ ഹെല്‍ത്ത് സെക്രട്ടറി യുവെറ്റ് കൂപ്പര്‍ മൈഗ്രേഷന്‍ അഡ്വൈസറി കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പുന:പരിശോധന ഒന്‍പത് ആഴ്കള്‍ കൊണ്ട് പൂര്‍ത്തിയാകും എന്നാണ് കരുതുന്നത്.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions