കാന്‍സര്‍ ചികിത്സയിലിരിക്കെ യുകെയില്‍ മലയാളി നഴ്‌സ് വിടവാങ്ങി
ഓണാഘോഷത്തിന്റെ ലഹരിയിലായിരുന്നു യുകെയിലെ മലയാളി സമൂഹത്തിനു വേദനയായി നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സ് വിടവാങ്ങി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിമാവാടിയില്‍ താമസിച്ചിരുന്ന അന്നു മാത്യു(28) വാണ് മരണമടഞ്ഞത്. പാലാ കിഴതടിയൂര്‍ ചാരം തൊട്ടില്‍ മാത്തുകുട്ടി-ലിസയുടെ മകളാണ് അന്നു.
2023ലാണ് നഴ്‌സായ അന്നു യുകെയില്‍ എത്തിയത്. ഒരുപാട് സ്വപ്നങ്ങളുമായി നഴ്‌സിംഗ് ഹോമില്‍ കെയറര്‍ വിസയിലാണ് അന്നു എത്തിയത്. ഖത്തറില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് രെഞ്ചു തോമസും ഈ വര്‍ഷം ജനുവരിയില്‍ അന്നുവിനൊപ്പം എത്തുകയായിരുന്നു
അന്നു ഗര്‍ഭിണിയാവുകയും ആ സന്തോഷ വാര്‍ത്ത കുടുംബങ്ങളും പ്രിയപ്പെട്ടവരും ആഘോഷമാക്കിയതിനു പിന്നാലെയാണ് വിധിയുടെ ക്രൂരത അന്നുവിനെ തേടി എത്തിയത്. മൂന്നു മാസം ഗര്‍ഭിണി ആയ സമയത്ത് ഇടയ്ക്കുണ്ടാകുന്ന രക്ത സ്രാവം കാരണം ചികിത്സ തേടിയ അന്നുവിന് കാന്‍സര്‍ രോഗത്തിന്റെ സാന്നിധ്യം കണ്ടെത്തുകയായായിരുന്നു. പിന്നാലെ അവയവങ്ങളെ ഓരോന്നും കാന്‍സര്‍ ബാധിച്ചു. കഴിഞ്ഞ ഒരാഴ്ച മുമ്പ് പാലിയേറ്റീവ് കെയറിലേക്ക് മാറ്റിയിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ എട്ടാം തീയതി അന്നുവിന്റെയും രെഞ്ചുവിന്റെയും രണ്ടാം വിവാഹവാര്‍ഷികമായിരുന്നു. അന്നുവിന്റെ അവിശ്വസനീയമായ വിടവാങ്ങല്‍ വിശ്വസിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും ഇപ്പോഴുള്ളത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
അന്നുവിന് രണ്ട് സഹോദരിമാരാണ് ഉള്ളത്.