ഒരാള്‍ മാത്രം താമസിക്കുന്ന വീടുകള്‍ക്കുള്ള നികുതി ഇളവ് ലേബര്‍ സര്‍ക്കാര്‍ എടുത്തു കളഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ വ്യക്തമായ ഒരു പ്രതികരണത്തിന് ലേബര്‍ പാര്‍ട്ടി തയ്യാറായിട്ടില്ല. വിധവകളുടെ നികുതി എന്നറിയപ്പെടുന്ന ഈ ഇളവ്, നികുതിദായകരുടെ നികുതി ബില്ലില്‍ നിന്നും കുറയ്ക്കുകയായിരുന്നു ചെയ്ത്‌കൊണ്ടിരുന്നത്. ഈ ഇളവ് എടുത്തു കളഞ്ഞാല്‍ യു കെയില്‍ ഏകദേശം 30 ലക്ഷം പെന്‍ഷന്‍കാരെ പ്രതികൂലമായി ബാധിക്കും എന്നാണ് കരുതുന്നത്.
ടാക്സ് പെയേഴ്സ് അലയന്‍സിന്റെ കണക്കുകള്‍ പറയുന്നത് ഈ കിഴിവുകള്‍ അവസാനിപ്പിക്കുക വഴി സര്‍ക്കാര്‍ ഖജനാവിലേക്ക് 5.4 ബില്യന്‍ പൗണ്ട് അധികമായി മുതല്‍ക്കൂട്ടാനാകുമെന്നാണ്. അതില്‍ ഏകദേശം 1.9 ബില്യന്‍ പൗണ്ട് നല്‍കുന്നത് പെന്‍ഷന്‍കാരായിരിക്കും. ഈ ഇളവ് എടുത്തു കളഞ്ഞാല്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കായിരിക്കും 600 പൗണ്ട് അധികമായി നല്‍കേണ്ടി വരിക.
ഉദാഹരണത്തിന് റട്ട്‌ലാന്‍ഡില്‍ താമസിക്കുന്ന ഒരു വ്യക്തി തന്റെ ബാന്‍ഡ് ഡി വീടിന് ഇളവുകള്‍ക്ക് ശേഷം നല്‍കുന്ന നികുതി 2,545 പൗണ്ട് ആണെങ്കില്‍, ഇനി മുതല്‍ 636 പൗണ്ട് അധികമായി നല്‍കേണ്ടി വരും.
മറ്റു പല ഇളവുകളും നിര്‍ത്തലാക്കും എന്ന പ്രചാരണം പ്രധാനമന്ത്രി നിഷേധിച്ചപ്പോഴും സിംഗിള്‍ പേഴ്സണ്‍ കൗണ്‍സില്‍ ടാക്സ് നിര്‍ത്തലാക്കിയേക്കുമെന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രി നിഷേധിച്ചിട്ടില്ല.