കോവിഡിന് ശേഷം ബ്രിട്ടനിലെ വര്‍ക്ക് ഫോഴ്സില്‍ വന്‍ കൊഴിഞ്ഞുപോക്ക്. 1980 ന് ശേഷം വന്ന ഏറ്റവും വലിയ കുറവാണ് ഇപ്പോള്‍ ദൃശ്യമാകുന്നത്. ഇത് നികുതി പോലുള്ള വരുമാനങ്ങളില്‍ സര്‍ക്കാര്‍ ഖജനാവിന് വരുത്തുന്ന നഷ്ടം പ്രതിവര്‍ഷം 16 ബില്യണ്‍ പൗണ്ട് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കോവിഡിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് തൊഴില്‍ വിപണിയില്‍ നിന്നും അകന്ന് പോയത്. ഇവര്‍ തിരികെ എത്താത്തത് സമ്പദ്ഘടനയെ ക്ഷീണിപ്പിക്കുകയും, സര്‍ക്കാര്‍ ഖജനാവിനെ ശോഷിപ്പിക്കുകയും ചെയ്തു എന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എംപ്ലോയ്‌മെന്റ് സ്റ്റഡീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പതിനാറ് വയസ്സോ അതിന് മുകളിലോ പ്രായമുള്ളവര്‍ കോവിഡ് പ്രതിസന്ധിക്ക് ശേഷം തൊഴില്‍ രംഗം വിട്ടുപോയതോ തൊഴില്‍ അന്വേഷിക്കാത്തവരോ ആയി 8 ലക്ഷം പേര്‍ വരുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 2008 ലെ സാമ്പത്തിക മാന്ദ്യത്തിന് ശേഷം ഇത്രയധികം പേര്‍ തൊഴില്‍ രംഗത്തു നിന്നും വിട്ടു നില്‍ക്കുന്നത് ഇതാദ്യമായിട്ടാണ്. മൊത്തം ജനസംഖ്യയും, തൊഴില്‍ ചെയ്യുന്നവരുടെ എണ്ണവും തമ്മിലുള്ള അനുപാതം കോവിഡ് പൂര്‍വ്വ കാലത്തേതിന് സമാനമായി നിലനിര്‍ത്തുകയാണെങ്കില്‍, ബ്രിട്ടന്റെ സമ്പദ്ഘടനയില്‍ 25 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകുമായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
തൊഴില്‍ ചെയ്യുന്നവര്‍ നല്‍കുന്ന നികുതിയില്‍ മാത്രം 16 ബില്യന്‍ പൗണ്ടിന്റെ വര്‍ദ്ധനവ് ഉണ്ടാകുമായിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നാതിനുള്ള പദ്ധതികളെ കുറിച്ചുള്ള, ഫിനാന്‍ഷ്യല്‍ ഫെയര്‍നെസ് ട്രസ്റ്റിന്റെ ധനസഹായത്തോടെ നടത്തിയ ഗവേഷണത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടില്‍, ചില നിശ്ചിത പ്രായ പരിധിയിലുള്ളവര്‍ അധികമായി തൊഴില്‍ അന്വേഷിക്കുന്നത് നിര്‍ത്തിയതായി പറയുന്നു.
കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടവരില്‍ ഒരു വിഭാഗം പിന്നീട് ജോലി അന്വേഷിക്കാന്‍ തയ്യറായിട്ടീല്ല. അതേസമയം, വിദ്യാഭ്യാസം കഴിഞ്ഞതിന് ശേഷം ഇതുവരെയും ഒരു തൊഴില്‍ പോലും ചെയ്യാതിരിക്കുന്ന യുവാക്കളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാവുകയാണ്. അവരില്‍ പലരും തൊഴില്‍ എടുക്കാതിരിക്കുന്നതിന് കാരണമായി പറയുന്നത് അനാരോഗ്യമാണ്.
വികസിത രാജ്യങ്ങളില്‍ പൊതുവെ കോവിഡ് പ്രതിസന്ധിക്ക് ശേഷം കൂട്ടത്തോടെ ആളുകള്‍ തൊഴിലുകളിലേക്ക് മടങ്ങുന്ന കാഴ്ചയാണ് കാണുന്നത്. അതില്‍ നിന്നും തികച്ചും വിഭിന്നമാണ് ബ്രിട്ടന്റെ സ്ഥിതി എന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ടോണി വില്‍സണ്‍ പറയുന്നു. നിലവിലെ അവസ്ഥക്ക് കാരണമായത് മുന്‍ സര്‍ക്കാരിന്റെ തൊഴിലുമായി ബന്ധപ്പെട്ട കര്‍ശന നിയമങ്ങളാണ് എന്നും അദ്ദേഹം പറയുന്നു.