ഹാംപ്ഷയറില്‍ ആഞ്ഞടിച്ച ടൊര്‍ണാഡോ കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടം. നിരവധി മരങ്ങള്‍ കടപുഴകി വീണ് പല കെട്ടിടങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. കൊടുങ്കാറ്റില്‍ ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ലെന്നും ജീവാപായം ഉണ്ടായിട്ടില്ലെന്നും റഷ്മൂര്‍ ബറോ കൗണ്‍സിലും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടകരമാം വിധം, കേടുപാടുകള്‍ സംഭവിച്ച മരങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എമര്‍ജന്‍സി വിഭാഗത്തെ അറിയിക്കാന്‍ പ്രദേശവാസികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആള്‍ഡര്‍ഷോട് ഭാഗത്തുകൂടി പ്രാദേശിക സമയം ഉച്ചക്ക് 12 മണിക്ക് ശേഷം കൊടുങ്കാറ്റ് 2 കിലോ മീറ്ററോളം നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ടതായി ദി ടോര്‍ണാഡോ ആന്‍ഡ് സ്റ്റോം റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ സ്ഥിരീകരിച്ചു.
ആല്‍ഡര്‍ഷോട്ടില്‍ നിരവധി മരങ്ങള്‍ വീഴുകയും വീടുകള്‍ ഉള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ക്ക് നാശം നഷ്ടമുണ്ടാവുകയും ചെയ്ത സംഭവത്തില്‍ രക്ഷാ പ്രവര്‍ത്തകരെ അയച്ചതായി ഹാംപ്ഷയര്‍ ആന്ദ് ഐല്‍ ഓഫ് വൈറ്റ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വ്വീസ് അറിയിച്ചു. ഉച്ചക്ക് ശേഷമാണ് അറിയിപ്പ് ലഭിച്ചതെന്നും ഏജന്‍സി അറിയിച്ചു. മണ്ണും, മറ്റ് അവശിഷ്ടങ്ങളുമൊക്കെ അന്തരീക്ഷത്തിലേക്കുയര്‍ത്തിക്കൊണ്ട് താണ്ഡവമാടുന്ന ടൊര്‍ണാഡോയുടെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഡോര്‍ബെല്‍ ക്യാമറകളില്‍ പതിഞ്ഞ ചിത്രങ്ങളാണ് അവയിലധികവും. പല വീടുകളുടെയും മേല്‍ക്കൂരയിലെ ഓടുകള്‍ റോഡുകളിലും നടപ്പാതകളിലും ചിതറിക്കിടക്കുകയാണ്. ബ്രിട്ടനില്‍ ഓരോ വര്‍ഷവും ശരാശരി 30 ടൊര്‍ണാഡോകള്‍ സംഭവിക്കാറുണ്ട്. എന്നാല്‍, ഏതെങ്കിലും ഒരു പ്രദേശത്ത് മാത്രമായി അവ ഒതുങ്ങിക്കൂടുന്നത് അപൂര്‍വ്വമാണ്. തെക്കന്‍ മേഖലയിലെ പേമാരിയുടെ പ്രഭാവമാണ് ഈ ടൊര്‍ണാഡോക്ക് കാരണമെന്ന് ബി ബി സിയുടെ മുതിര്‍ന്ന കാലാവസ്ഥാ അവതാരകന്‍ അലെക്സിസ് ഗ്രീന്‍ പറയുന്നു.
പേമാരിയുമായി ബന്ധപ്പെട്ട് മെറ്റ് ഓഫീസ് യെല്ലോ വാര്‍ണിംഗ് പുറപ്പെറ്റുവിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഇപ്പോള്‍ ടൊര്‍ണാഡോ എത്തിയിരിക്കുന്നത്. ടൊര്‍ണാഡ് പ്രത്യക്ഷപ്പെട്ട സമയത്ത് ഇടിയും മിന്നലും അനുഭവപ്പെടുകയും ചെയ്തിരുന്നു. ടൊര്‍ണാഡോ രൂപപ്പെടുന്നതിന്റെ പ്രക്രിയയുമായി ബന്ധപ്പെട്ട് ഇപ്പോഴും ഗവേഷണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും, ഇതിനു പൂറകിലെ കൃത്യമായ കാരണം ഇനിയും അറിവായിട്ടില്ല എന്നും ടൊര്‍ണാഡോ ആന്‍ഡ് സ്റ്റോം റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ തലവന്‍ പോള്‍ നൈറ്റ്‌ലി ബി ബി സിയോട് പറഞ്ഞു.