ബ്രിട്ടന്റെ കടം 2.77 ട്രില്ല്യണ്‍ പൗണ്ടില്‍; ബജറ്റ് കടുത്തതാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍
അടുത്ത മാസം ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് അവതരിപ്പിക്കുന്ന ബജറ്റില്‍ നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകും. ഇത് പ്രതീക്ഷിച്ചതിലും കടുത്തതാകുമെന്നാണ് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്. കാരണം ബ്രിട്ടന്റെ പൊതുകടം ജിഡിപിയുടെ 100 ശതമാനത്തില്‍ എത്തിയെന്നാണ് ഒഎന്‍എസ് സ്ഥിരീകരിച്ചിരിക്കുന്നത്.
2.77 ട്രില്ല്യണ്‍ പൗണ്ടിലെത്തിയ കടം 1961ന് ശേഷം നേരിടുന്ന ഏറ്റവും ഉയര്‍ന്ന ശതമാന കണക്കാണ്. ഇതോടെ ബജറ്റില്‍ വേദനിപ്പിക്കുന്ന നികുതി വര്‍ദ്ധനവുകള്‍ ഉണ്ടാകുമെന്ന ആശങ്കയും ശക്തമായി. എന്നാല്‍ യുകെ പൊതുഖജനാവിനെ ശക്തിപ്പെടുത്താന്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുകയാണ് വേണ്ടതെന്ന് മുന്‍നിര ഇക്കണോമിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.
നികുതി വര്‍ദ്ധനവുകള്‍ വളര്‍ച്ചയെ തടസ്സപ്പെടുത്താതെ സൂക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സാമ്പത്തിക വളര്‍ച്ചയാണ് കടത്തില്‍ നിന്നും പുറത്തുകടക്കാനുള്ള നല്ല മാര്‍ഗ്ഗമെന്ന് അലയന്‍സ് അസറ്റ് മാനേജര്‍ ചീഫ് ഇക്കണോമിക് അഡൈ്വസര്‍ മുഹമ്മദ് എല്‍എറിയാന്‍ ബിബിസിയോട് പറഞ്ഞു. ഒക്ടോബര്‍ 30ന് അവതരിപ്പിക്കുന്ന ബജറ്റിനെ കേന്ദ്രീകരിച്ച് ആശങ്ക വേട്ടയാടുന്നതിനാല്‍ ഉപഭോക്താക്കളുടെ ആത്മവിശ്വാസം കുറയുന്നതായാണ് വിലയിരുത്തല്‍.
അടുത്ത ഒരു വര്‍ഷത്തിനകം രാജ്യത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ടോറികളെ കുറ്റം പറയാന്‍ ലേബറിന് സാധിക്കില്ലെന്ന് സര്‍വ്വെകളും വ്യക്തമാക്കുന്നു. നിലവില്‍ ടോറികളെ കുറ്റപ്പെടുത്താന്‍ കഴിയുമെങ്കിലും അടുത്ത വര്‍ഷമാകുമ്പോള്‍ കീര്‍ സ്റ്റാര്‍മര്‍ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരുമെന്നാണ് സാവന്റ നടത്തിയ സര്‍വ്വെയില്‍ ജനങ്ങള്‍ രേഖപ്പെടുത്തിയത്.