പ്രധാനമന്ത്രിയായി 3 മാസം; സുനാകിനെക്കാള്‍ ജനപ്രീതി കുറഞ്ഞ് സ്റ്റാര്‍മര്‍
വലിയ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുത്ത ലേബര്‍ സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രകടനത്തില്‍ ജനങ്ങള്‍ അസംതൃപ്തരാണെന്നു സര്‍വേ. പുതിയ സര്‍ക്കാരിന്റെ മധുവിധു തീരുന്നതിനു മുന്നെയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറിന്റെ ജനപ്രീതി ഇടിഞ്ഞത്. പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷം കീര്‍ സ്റ്റാര്‍മറുടെ അപ്രൂവല്‍ റേറ്റിംഗില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയതെന്ന് ഞെട്ടിക്കുന്ന സര്‍വ്വെ ഫലം വെളിപ്പെടുത്തുന്നു.
ജൂലൈ മുതല്‍ കീര്‍ സ്റ്റാര്‍മറുടെ ജനപ്രീതിയില്‍ 45 പോയിന്റ് ഇടിവ് നേരിട്ടതായി ഒപ്പീനിയം വ്യക്തമാക്കി. കേവലം 24% വോട്ടര്‍മാര്‍ മാത്രമാണ് പ്രധാനമന്ത്രി നല്ല രീതിയില്‍ ജോലി ചെയ്യുന്നതായി വിശ്വസിക്കുന്നത്. പകുതിയോളം പൊതുജനങ്ങള്‍ക്കും നെഗറ്റീവ് ചിന്താഗതിയാണുള്ളത്. ഇതോടെ ആകെ നെറ്റ് റേറ്റിംഗ് -26 ശതമാനത്തിലാണ്. ജൂലൈയില്‍ പ്രധാനമന്ത്രി പദത്തിലെത്തുമ്പോള്‍ സ്റ്റാര്‍മറുടെ അപ്രൂവല്‍ റേറ്റിംഗ് +19% ആയിരുന്നു.
ഇതോടെ കണ്‍സര്‍വേറ്റീവ് നേതാവ് റിഷി സുനാക്കിനേക്കാള്‍ ജനപ്രീതി കുറഞ്ഞ നിലയിലേക്കാണ് സ്റ്റാര്‍മര്‍ പതിച്ചത്. സുനാക് -25 ശതമാനത്തിലാണ്. ലിവര്‍പൂളില്‍ വാര്‍ഷിക കോണ്‍ഫറന്‍സ് നടക്കാനിരിക്കെ മൂന്ന് മാസം പോലും തികയാത്ത പ്രധാനമന്ത്രിയുടെ ജനപ്രീതി ഇടിഞ്ഞത് ലേബര്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ്.
ആദ്യ മാസങ്ങളില്‍ ഗവണ്‍മെന്റ് വിജയകരമാണെന്ന് കരുതുന്നത് 27 ശതമാനം മാത്രം. 57 ശതമാനവും ഗവണ്‍മെന്റ് പ്രവര്‍ത്തനം വിജയമല്ലെന്ന് വിലയിരുത്തുന്നു. 32% ലേബര്‍ വോട്ടര്‍മാരും ഗവണ്‍മെന്റ് പ്രവര്‍ത്തനങ്ങളെ നല്ല രീതിയില്‍ കാണുന്നില്ല. 10 മില്ല്യണ്‍ പെന്‍ഷന്‍കാര്‍ക്ക് വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കാനുള്ള തീരുമാനവുമായി സ്റ്റാര്‍മര്‍ മുന്നോട്ട് പോയതിന് പിന്നാലെയാണ് ഈ മോശം കണക്കുകള്‍ പുറത്തുവരുന്നത്.