യുകെയില്‍ ഇന്ധനവില മൂന്ന് വര്‍ഷത്തെ താഴ്ന്ന നിലയില്‍. യുകെ ഫോര്‍കോര്‍ട്ടുകളിലെ ശരാശരി പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 7 പെന്‍സ് വീതമാണ് താഴ്ന്നത്. മൂന്ന് വര്‍ഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് നിരക്കുകള്‍ കുറഞ്ഞിരിക്കുന്നത്.
ശരാശരി പെട്രോള്‍ വില ലിറ്ററിന് 142.9 പെന്‍സ് എന്നതില്‍ നിന്നും 136.2 പെന്‍സ് എന്ന നിലയിലേക്കാണ് താഴ്ന്നത്. ഡീസല്‍ വിലയാകട്ടെ 147.7 പെന്‍സില്‍ നിന്നും 140.9 പെന്‍സായും കുറഞ്ഞു. ഇതോടെ 55 ലിറ്റര്‍ ഇന്ധന ടാങ്കുള്ള ഒരു ഫാമിലി കാര്‍ നിറയ്ക്കാന്‍ ഒരു മാസം മുന്‍പത്തേക്കാള്‍ 4 പൗണ്ട് കുറവ് മതിയെന്നതാണ് അവസ്ഥ.
ആഗോള തലത്തില്‍ ഇന്ധനത്തിന് ആവശ്യക്കാര്‍ കുറഞ്ഞതോടെ എണ്ണവില ബാരലിന് 73 ഡോളറായി താഴ്ന്നതും, യുഎസ് ഡോളറിന് എതിരെ പൗണ്ട് ശക്തമായി നിലകൊള്ളുന്നതും ചേര്‍ന്നാണ് ഈ നിരക്ക് കുറയുന്നതെന്നാണ് ആര്‍എസി കണക്കാക്കുന്നത്. ഹോള്‍സെയില്‍ വിപണിയില്‍ ഈ ഘടകങ്ങള്‍ മുന്‍നിര്‍ത്തി യുകെ റീട്ടെയിലര്‍മാര്‍ക്ക് മികച്ച മൂല്യം കണ്ടെത്താന്‍ സാധിക്കുന്നത് യുകെയിലെ വാഹന ഉടമകള്‍ക്ക് ആശ്വാസമാണ്.