ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് അനുകൂലമായ നീക്കവുമായി ബ്രിട്ടന്റെ ഏറ്റവും വലിയ ബില്‍ഡിംഗ് സൊസൈറ്റിയായ നേഷന്‍വൈഡ്. ആദ്യ വീട് സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വരുമാനത്തിന്റെ ആറിരട്ടി തുകവരെ മോര്‍ട്ട്‌ഗേജില്‍ അനുവദിക്കാനാണ് നേഷന്‍വൈഡ് തീരുമാനിച്ചിരിക്കുന്നത്. കടമെടുക്കാന്‍ കഴിയുന്ന പമാവധി തുക ഉയര്‍ത്തുന്നതിന് പുറമെ ചില മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ കുറയ്ക്കാനും ഇവര്‍ തീരുമാനിച്ചിട്ടുണ്ട്.
ഇന്ന് ആരംഭിക്കുന്ന ഹെല്‍പ്പിംഗ് ഹാന്‍ഡ് മോര്‍ട്ട്‌ഗേജ് റേഞ്ചിലൂടെ മാക്‌സിമം ലോണ്‍ ടു ഇന്‍കം അനുപാതം വര്‍ദ്ധിപ്പിക്കുകയാണ് നേഷന്‍വൈഡ് ചെയ്യുന്നത്. ഇതുവഴി 5 ശതമാനം മാത്രം ഡെപ്പോസിറ്റുള്ളവര്‍ക്ക് അഞ്ച്, 10 വര്‍ഷത്തെ ഫിക്‌സഡ് റേറ്റ് എടുക്കുമ്പോള്‍ വരുമാനത്തിന്റെ ആറിരട്ടി കടമെടുക്കാന്‍ സാധിക്കും.
സൊസൈറ്റി സ്റ്റാന്‍ഡേര്‍ഡായി നല്‍കുന്ന തുക വരുമാനത്തിന്റെ നാലര ഇരട്ടിയാണ്. ഹെല്‍പ്പിംഗ് ഹാന്‍ഡ് മോര്‍ട്ട്‌ഗേജില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് മുന്‍പ് പരമാവധി 5.5 ഇരട്ടി വായ്പയെടുക്കാനും അനുമതി നല്‍കിയിരുന്നു. ഹെല്‍പ്പിംഗ് ഹാന്‍ഡ് മോര്‍ട്ട്‌ഗേജില്‍ ഏക അപേക്ഷകര്‍ക്ക് ചുരുങ്ങിയത് 30,000 പൗണ്ടാണ്. സംയുക്ത അപേക്ഷകര്‍ക്ക് ചുരുങ്ങിയത് 50,000 പൗണ്ടാണ് ആവശ്യം.
ആദ്യത്തെ വീട് വാങ്ങുന്ന ദമ്പതികള്‍ക്ക് സംയുക്ത വരുമാനം 50,000 പൗണ്ട് ലഭിക്കുമെങ്കില്‍ 300,000 പൗണ്ട് വരെ കടമെടുക്കാം. 5 ശതമാനം ഡെപ്പോസിറ്റുള്ളവര്‍ക്ക് പരമാവധി എടുക്കുന്ന തുക 500,000 പൗണ്ടില്‍ നിന്നും 750,000 പൗണ്ടായി വര്‍ദ്ധിപ്പിച്ചു. ചൊവ്വാഴ്ച മുതല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയ്ക്കാനും സൊസൈറ്റി തീരുമാനിച്ചിട്ടുണ്ട്.