യുകെയില്‍ പാര്‍ക്കിംഗ് പിഴയുമായി ബന്ധപ്പെട്ട് നടക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. പിഴ അടക്കാന്‍ വൈകിയതിലുള്ള കുറ്റപ്പെടുത്തലുകളുമായി എത്തുന്ന ടെക്സ്റ്റ് സന്ദേശത്തിലൂടെയാണ് ആളുകളെ കബളിപ്പിക്കുന്നത്. കൃത്യ സമയത്ത് പിഴ അടച്ചില്ലെങ്കില്‍ ഡ്രൈവിംഗ് നിരോധനം ഏര്‍പ്പെടുത്തുമെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അതല്ലെങ്കില്‍, കോടതി കയറ്റുകയോ, അധിക പിഴ ഈടാക്കുകയോ ചെയ്യുമെന്നും അതില്‍ പറയുന്നു.
നിസ്സഹായരായ ഡ്രൈവര്‍മാരെ ഭീഷണിപ്പെടുത്തിയതിന് ശേഷം അവരോട് സന്ദേശത്തിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യാനും വാഹനത്തിന്റെ റെജിസ്‌ട്രേഷന്‍ എന്റര്‍ ചെയ്തതിന് ശേഷം പിഴ ഒടുക്കാനും ആവശ്യപ്പെടും. അതില്‍ ക്ലിക്ക് ചെയ്താല്‍, സമ്പാദ്യം മുഴുവന്‍ തട്ടിപ്പുകാരുടെ കൈവശം എത്താം. മറ്റു ചില സന്ദേശങ്ങളില്‍, പിഴ ഒടുക്കേണ്ട അവസാന ദിവസം ഇന്നാണെന്നും സൂചിപ്പിക്കുന്നുണ്ട് ഡ്രൈവര്‍ ആന്‍ഡ് വെഹിക്കിള്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് ഏജന്‍സി (ഡി വി എസ് എ) യുടെ പേരിലാണ് സന്ദേശങ്ങള്‍ വരുന്നത്.
ഡി വി എസ് എ പറയുന്നത് പാര്‍ക്കിംഗ് ഫൈനുമായി ബന്ധപ്പെട്ട് നോട്ടീസുകള്‍ അയയ്ക്കാറില്ല എന്ന് മാത്രമല്ല, അതുമായി ഒരു ബന്ധവുമില്ല എന്നാണ്. ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ ലഭിച്ചാല്‍ ഉടന്‍ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററുമായി ബന്ധപ്പെടണമെന്നും അവര്‍ ആവശ്യപ്പെടുന്നു.