ഷിഫ്റ്റ് പാറ്റേണുകളുടെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആംബുലന്‍സ് സര്‍വ്വീസ് മേധാവിയെ വീട്ടില്‍ കയറി ചുറ്റികയ്ക്ക് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച് ആംബുലന്‍സ് ജീവനക്കാരി. നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വീസിലെ തന്റെ മാനേജരായ മിഖാല മോര്‍ട്ടനെയാണ് വീട്ടില്‍ കയറി 46-കാരി സ്‌റ്റേസി സ്മിത്ത് അക്രമിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് ആംബുലന്‍സ് ജീവനക്കാരി മേധാവിയുടെ വീട്ടില്‍ കയറി അക്രമം നടത്തിയത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 11ന് രാവിലെ 5.30നായിരുന്നു സംഭവം. ടേംസൈഡ് ഡങ്ക്ഫീല്‍ഡിലെ മോര്‍ട്ടന്റെ വീടിന് പുറത്ത് കാത്തുകിടന്ന സ്മിത്ത് ഇതിന് ശേഷമാണ് അക്രമം നടത്തിയതെന്ന് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ വിചാരണയില്‍ വ്യക്തമാക്കി.
ചുറ്റിക കൊണ്ട് സ്മിത്ത് മോര്‍ട്ടന്റെ തലയ്ക്ക് അടിച്ചതോടെ മരണഭീതിയില്‍ ഇവര്‍ ഉച്ചത്തില്‍ നിലവിളിച്ചു. ഇതിനിടെ അക്രമിയുടെ കൈയില്‍ നിന്നും ചുറ്റിക പിടിച്ചുവാങ്ങാന്‍ മോര്‍ട്ടന്‍ വിജയിച്ചു. ഇതോടെ ആയുധം ഉപേക്ഷിച്ച് സ്മിത്ത് കാറില്‍ കയറി സ്ഥലം വിടുകയായിരുന്നു.
മനഃപ്പൂര്‍വ്വം ശാരീരികമായി അക്രമിച്ചെന്ന കുറ്റം സമ്മതിച്ചെങ്കിലും കൊലപാതക ശ്രമം നടത്തിയെന്ന കുറ്റം ന്യൂട്ടണ്‍ ഹീത്തില്‍ നിന്നുള്ള സ്മിത്ത് അംഗീകരിക്കുന്നില്ല. നോര്‍ത്ത് വെസ്റ്റ് ആംബുലന്‍സ് സര്‍വ്വീസ് ഓപ്പറേഷന്‍സ് മാനേജറാണ് മോര്‍ട്ടന്‍. സ്‌റ്റേസി സ്മിത്ത് ഇവിടെ ആംബുലന്‍സ് കെയര്‍ അസിസ്റ്റന്റായിരുന്നു.
സര്‍വ്വീസിലെ ആദ്യ ഘട്ടത്തില്‍ ഇരുവരും തമ്മില്‍ നല്ല ബന്ധമായിരുന്നു. എന്നാല്‍ മഹാമാരി കാലത്ത് സര്‍വ്വീസിന്റെ സേവനം കുതിച്ചുയര്‍ന്നതോടെ ഷിഫ്റ്റുകളില്‍ മാറ്റം വരുത്തേണ്ടതായി വന്നു. ഇതിന്റെ പേരില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകുകയും ഇത് അക്രമത്തിലേക്ക് നയിക്കുകയുമായിരുന്നു.