പതിനഞ്ച് വര്‍ഷത്തിന് ശേഷം അധികാരത്തില്‍ തിരിച്ചെത്തിയതിനു പിന്നാലെ നടന്ന ലേബര്‍ പാര്‍ട്ടി ദേശീയ സമ്മേളനത്തിന് ലിവര്‍പൂളില്‍ സമാപനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ക്കൊപ്പം, നിരവധി ലോകരാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും ഉള്‍പ്പെടെ ഇരുപതിനായിരത്തോളം പേരാണ് സെപ്റ്റംബര്‍ 22 മുതല്‍ 25 വരെ നടന്ന ദേശീയ സമ്മേളനത്തില്‍ പങ്കെടുത്തത്.
പ്രധാനമന്ത്രിയും പാര്‍ട്ടി ലീഡറുമായ കീര്‍ സ്റ്റാര്‍മര്‍, ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍, ധനകാര്യ മന്ത്രി റേച്ചല്‍ റീവ്‌സ് തുടങ്ങി ഭരണത്തലത്തിലും സംഘടനാ തലത്തിലുമുള്ള വലിയൊരു നേതൃനിരതന്നെ ലിവര്‍പൂളിനെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റി.
ലേബര്‍ ദേശീയ സമ്മേളനത്തില്‍ മലയാള പെരുമ വിളിച്ചറിയിച്ചുകൊണ്ട് രാജ്യത്തെ പ്രധാന മലയാളി ലേബര്‍ നേതാക്കള്‍ സമ്മേളനത്തില്‍ സജീവ സാന്നിധ്യങ്ങള്‍ ആയിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റിലെ ആദ്യ മലയാളി എം പി സോജന്‍ ജോസഫ്, ലേബര്‍ പാര്‍ട്ടി ദേശീയ സമിതി അംഗവും മുന്‍ ന്യൂ ഹാം കൗണ്‍സിലറുമായ ജോസ് അലക്‌സാണ്ടര്‍, ബേസിംഗ്സ്റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം, ന്യൂകാസ്റ്റില്‍ കൗണ്‍സിലര്‍ ജൂന സത്യന്‍, മുന്‍ ന്യൂ ഹാം കൗണ്‍സിലര്‍ സുഗതന്‍ തെക്കേപുര, മുന്‍ മേയറും നിലവിലെ ക്രോയ്ഡന്‍ കൗണ്‍സിലറുമായ മഞ്ജു ഷാഹുല്‍ ഹമീദ് തുടങ്ങി യു കെ പൊതുസമൂഹത്തില്‍ ശ്രദ്ധേയരായ പ്രമുഖരായ മലയാളി ലേബര്‍ നേതാക്കളെല്ലാം സമ്മേളനത്തില്‍ പങ്കെടുത്തു.
കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്ക് നടുവില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ പെന്‍ഷന്‍കാരുടെ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് റദ്ദാക്കിയ നടപടിക്കെതിരെ വോട്ട് ചെയ്തു. ലിവര്‍പൂളിലെ കോണ്‍ഫറന്‍സില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ഇത് പാലിക്കേണ്ട ചുമതലയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായി വരുമെന്നാണ് സ്റ്റാര്‍മറുടെ നിലപാട്. യൂണിവേഴ്‌സല്‍ വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റുകള്‍ തിരിച്ചെത്തിക്കുന്നതിനെ അനുകൂലിച്ചുള്ള പ്രമേയത്തിനാണ് കോണ്‍ഫറന്‍സ് അനുകൂലമായി വോട്ട് ചെയ്തത്.