കൂടുംബത്തിനൊപ്പം വെയില്‍സില്‍ ക്യാമ്പ് ട്രിപ്പിന് പോയ 12 കാരനും മുത്തശ്ശനും മരിച്ച സംഭവം വിഷവാതകം ശ്വസിച്ചെന്ന് റിപ്പോര്‍ട്ട്. മരണ കാരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചതു മൂലം ആണെന്നാണ് റിപ്പോര്‍ട്ട്. 12 കാരനായ കൈസി റക്കായ് സെല്‍ഡന്‍ ബ്രൗണും മുത്തഛനായ 66 കാരന്‍ ഡേവിഡ് ബ്രൗണിനേയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുവരെയും സെപ്തംബര്‍ 14ന് രാവിലെ 11 ഓടെ ടെന്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ക്കൊപ്പം ക്യാമ്പിനു പോയ അമ്മാവനാണ് ഇരുവരേയും ബോധംകെട്ട നിലയില്‍ കണ്ടത്. പാചകം ചെയ്യാനുപയോഗിക്കുന്ന സ്റ്റൗവില്‍ നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡ് ടെന്റില്‍ വ്യാപിച്ചതായിരിക്കാമെന്നാണ് സൂചന.
ബെര്‍ക്ക് ഷെയറിലെ എര്‍ലിയില്‍ നിന്ന് കുടുംബം 200 മൈല്‍ യാത്ര ചെയ്ത് മിഡ് വെയില്‍സിലെ ക്യാമ്പ് സൈറ്റില്‍ എത്തി ടെന്റില്‍ ഉറങ്ങുമ്പോഴാണ് ദുരന്തം സംഭവിച്ചത്.
അടിയന്തര രക്ഷാ പ്രവര്‍ത്തനം നടത്തിയെങ്കിലും രണ്ടുപേരെയും രക്ഷിക്കാനായില്ല. പരിശോധനാ ഫലത്തിലാണ് ഇരുവരുടേയും രക്തത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് കണ്ടെത്തിയത്.