എന്‍ എച്ച് എസ്സിലെ തന്റെ 18 വര്‍ഷക്കാലത്തെ സേവനത്തിനിടയില്‍ ഇംഗ്ലീഷ് പരീക്ഷയില്‍ പത്താം തവണയും തോറ്റു തൊപ്പിയിട്ട് ഹൃദ്രോഗ വിദഗ്ധന്‍. ഇതോടെ അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തു. എന്‍ എച്ച് എസ്സിലെ തന്റെ 18 വര്‍ഷക്കാലത്തെ സേവനത്തിനിടയില്‍ ഇത് അഞ്ചാം തവണയാണ് 65 കാരനായ ഡോക്ടര്‍ ടൊമസ്സ് ഫ്രൈലെവിക്‌സ് സസ്‌പെന്‍ഡ് ചെയ്യപ്പെടുന്നത്. ശിക്ഷ ലഭിച്ചതെല്ലാം ഇംഗ്ലീഷ് ശരിയായി കൈകാര്യം ചെയ്യാന്‍ അറിയാത്തതിനാല്‍, ഇംഗ്ലീഷ് പരീക്ഷക്ക് പരാജയപ്പെട്ടതിനാല്‍. ഈ സസ്‌പെന്‍ഷന്‍ കാലയളവിലും അദ്ദേഹം എസ്സെക്‌സിലെ പ്രിന്‍സസ്സ് അലക്‌സാന്‍ഡ്ര ഹോസ്പിറ്റല്‍, യൂണിവേഴ്സിറ്റി കോളേജ് ലണ്ടന്‍ ഹോസ്പിറ്റല്‍, റോയല്‍ സ്റ്റൊക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍, സട്ടണിലെ ഗുഡ് ജോപ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഹൃദ്രോഗ വിദഗ്ധനായി സേവനമനുഷ്ഠിച്ചു എന്നത് മറ്റൊരു കാര്യം.
രോഗികള്‍ക്ക് ഏറെ അപകടകരമായേക്കും 2006 ല്‍ യു കെയില്‍ എത്തിയ അദ്ദേഹത്തിന്റെ ഇംഗ്ലീഷിലെ പരിജ്ഞാനമില്ലായ്മ എന്ന് ആരോപിക്കപ്പെടുമ്പോഴും, താന്‍ ഒരു വേട്ടയാടലിന്റെ ഇരയാണെന്നാണ് ഡോക്ടര്‍ അവകാശപ്പെടുന്നത്. 2014 ല്‍ ആയിരുന്നു ഡോക്ടര്‍ ഫ്രൈലെവിക്‌സിന്റെ ഭാഷാ പരിജ്ഞനമില്ലായ്മ ആദ്യമായി ജനറല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടു വരുന്നത്. എല്ലാ വര്‍ഷവും ഡോക്ടര്‍മാരുടെ റെഗുലേറ്ററുമായി ബന്ധപ്പെടണമെന്ന്, അന്ന് അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കൂടാതെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നേടാന്‍ ടി വി കാണുകയും റേഡിയോ പരിപാടികള്‍ ശ്രവിക്കുകയും വേണമെന്നും പറഞ്ഞിരുന്നു.
ആദ്യമാദ്യം പ്ലിമത്തില്‍ നിന്നുള്ള ഈ ഡോക്ടറെ ശക്തമായ നിരീക്ഷണത്തിനു കീഴില്‍ ജോലി ചെയ്യാന്‍ അനുവദിച്ചിരുന്നു. എന്നാല്‍, 2017 ല്‍ ഇംഗ്ലീഷ് പരീക്ഷ വിജയിക്കാന്‍ കഴിയാതെ വന്നതോടെ അദ്ദെഹത്തെ ആറ് മാസത്തേക്ക് പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കി കൊണ്ട് ഉത്തരവിറങ്ങി. 2018 ല്‍ വീണ്ടും നിരീക്ഷണത്തിനു കീഴില്‍ ജോലിചെയ്യാന്‍ ആരംഭിച്ച അദ്ദേഹം വീണ്ടും 2020 ല്‍ സസ്‌പെന്‍ഷനിലായി. ഇത്തവണ 12 മാസത്തേക്കായിരുന്നു സസ്‌പെന്‍ഷന്‍. 2021 ല്‍ വീണ്ടും 10 മാസത്തേക്ക് സസ്‌പെന്‍ഷനിലായ ഇദ്ദേഹത്തെ അടുത്ത 18 മാസക്കാലത്തിനിടയില്‍ ഇംഗ്ലീഷ് ഭാഷാ പരീക്ഷയില്‍ വിജയിക്കണം എന്ന നിബന്ധനയോടെ ജോലിയില്‍ തിരിച്ചെടുക്കുകയായിരുന്നു.
ഇപ്പോള്‍ വീണ്ടും ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഷനിലായ അദ്ദേഹത്തിന് ഇംഗ്ലീഷ് പരീക്ഷ പാസ്സാകാന്‍ വീണ്ടും ഒരവസരം കൂടി നല്‍കിയിട്ടുണ്ട്. തങ്ങള്‍ പറയുന്നതെന്തെന്ന് അദ്ദേഹത്തിന് പൂര്‍ണ്ണമായും മനസ്സിലാകാറുണ്ടോ എന്ന കാര്യത്തില്‍ തങ്ങള്‍ക്ക് സംശയമുണ്ടെന്നാണ് അദ്ദേഹത്തിനൊപ്പം ജോലി ചെയ്തിരുന്നവരില്‍ ചിലര്‍ പറയുന്നത്. മാത്രമല്ല, അദ്ദേഹം സംസാരിക്കുമ്പോള്‍ അത് പൂര്‍ണ്ണമായും മനസ്സിലാകണമെങ്കില്‍ അതിയായ ശ്രദ്ധയോടെ അത് കേള്‍ക്കേണ്ടതായി വരുന്നെന്നും അവര്‍ പറയുന്നു. എന്നാല്‍, താന്‍ ബ്രിട്ടീഷ് പൗരനല്ലാത്തതിനാല്‍ തനിക്ക് നേരെ നടക്കുന്ന പരോക്ഷമായ വിവേചനമാണിത് എന്നാണ് ഡോക്ടര്‍ പറയുന്നത്.
യു കെയിലെ ആശുപത്രികളില്‍ ജോലിചെയ്ത് പണം സമ്പാദിക്കുന്ന ഒരു പോളിഷ്, കത്തോലിക്ക ഹൃദ്രോഗ വിദഗ്ധനോടുള്ള പ്രതികാര നടപടിയാണിതെന്നും അദ്ദേഹം പറയുന്നു. എന്‍ എച്ച് എസ്സില്‍ ജോലി ചെയ്യാന്‍ മതിയായ ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലെന്ന ആരോപണം തെറ്റാണെന്ന് തന്റെ കൂടെ ജോലി ചെയ്തിരുന്ന പല കണ്‍സള്‍ട്ടന്റുമാരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.