യു.കെ.വാര്‍ത്തകള്‍

മന്ത്രിമാര്‍ പാരിതോഷികങ്ങള്‍ സ്വീകരിച്ചാല്‍ കൃത്യമായ മൂല്യം വെളിപ്പെടുത്തണം; നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍

ബ്രിട്ടനിലെ മന്ത്രിമാര്‍ പാരിതോഷികങ്ങള്‍ സ്വീകരിച്ചാല്‍ കൃത്യമായ മൂല്യം വെളിപ്പെടുത്തണമെന്ന നിയമം ശക്തമാക്കാന്‍ ഒരുങ്ങി ലേബര്‍ സര്‍ക്കാര്‍. ഇതു സംബന്ധിച്ച നിയമങ്ങളില്‍ പരിഷ്‌ക്കരണം വരുത്തി നടപടികള്‍ ശക്തമാക്കാനാണ് ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം. തങ്ങളുടെ ഔദ്യോഗിക സര്‍ക്കാര്‍ പദവിയുമായി ബന്ധപ്പെട്ട് ലഭിക്കുന്ന സമ്മാനങ്ങളും മറ്റും ഇനി മുതല്‍ മന്ത്രിമാര്‍ എംപി രജിസ്റ്ററിലും രേഖപ്പെടുത്താന്‍ നിര്‍ബന്ധിതരാകും.

ലേബര്‍ പാര്‍ട്ടി നേതാക്കള്‍ക്ക് സ്ഥിരമായി പാരിതോഷികങ്ങള്‍ നല്‍കുന്ന ലോര്‍ഡ് അല്ലിയില്‍ നിന്ന് പ്രധാനമന്ത്രി സ്റ്റാര്‍മെറിനും മറ്റ് ഉന്നത മന്ത്രിമാര്‍ക്കും ലഭിച്ച സമ്മാനങ്ങളെ സംബന്ധിച്ച് ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പുതിയ തീരുമാനം ഉണ്ടായിരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ ഈ നീക്കത്തെ അപലപിച്ച് കഴിഞ്ഞ ദിവസം ലേബര്‍ പാര്‍ട്ടി അംഗമായ റോസി ഡഫീല്‍ഡ് എംപി പാര്‍ട്ടി വിട്ടിരുന്നു.

എംപിമാര്‍ നിലവില്‍ അവരുടെ പാര്‍ലമെന്ററി അല്ലെങ്കില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 300 പൗണ്ടില്‍ കൂടുതല്‍ വിലമതിക്കുന്ന സമ്മാനങ്ങളും മറ്റും സ്വീകരിച്ചാല്‍ 28 ദിവസത്തിനുള്ളില്‍ നല്‍കിയ വ്യക്തിയെ സംബന്ധിച്ച വിവരങ്ങളും സമ്മാനത്തിന്റെ മൂല്യത്തെ സംബന്ധിച്ചുള്ള വിവരങ്ങളും വെളിപ്പെടുത്തണം എന്നാണ് നിയമം പറയുന്നത്.

സര്‍ക്കാരിന് കൂടുതല്‍ സുതാര്യത ഉറപ്പാക്കാനാണ് നീക്കമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. മന്ത്രിമാരും പ്രതിപക്ഷ പ്രതിനിധികളായ ഷാഡോ മന്ത്രിമാരും ഒരേ നിയമം പാലിക്കുന്ന തരത്തില്‍ നിയമങ്ങള്‍ക്ക് മാറ്റം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ലേബര്‍ അനുഭാവിയായ വഹീദ് അലി 16,000 പൗണ്ട് വിലവരുന്ന വസ്ത്രങ്ങള്‍ കീര്‍ സ്റ്റാര്‍മറിന് നല്‍കിയെന്ന് നേരത്തെ വാര്‍ത്തയായിരുന്നു. വസ്ത്രങ്ങളും സമ്മാനങ്ങളും വാങ്ങുന്നത് സ്വാഭാവികമെന്നാണ് സ്റ്റാര്‍മര്‍ അനുകൂലികള്‍ ഇതിന് നല്‍കുന്ന വിശദീകരണം.

2023 ഒക്ടോബറില്‍ നല്‍കിയ സംഭാവനയായ 6,000 പൗണ്ടും 2024 ഫെബ്രുവരിയില്‍ നല്‍കിയ 10,000 പൗണ്ടും ഉള്‍പ്പെടുത്തിയാല്‍, വസ്ത്രങ്ങള്‍ സമ്മാനമായി നല്‍കിയതില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആകെ തുക 32,000 പൗണ്ട് ആണെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ സമ്മാനങ്ങളെ കുറിച്ച് നേരത്തെ അറിവുണ്ടായിരുന്നില്ല.

  • കുറ്റവാളികളെ പിടികൂടാന്‍ യുകെ പൊലീസിന്റെ ഹൈടെക് കുരുക്ക്; മുഖം നോക്കി കുടുക്കും!
  • ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ വിണ്ടും സമരമെന്ന് ഇംഗ്ലണ്ടിലെ ഡോക്ടര്‍മാര്‍
  • ചില മേഖലകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം; വിദേശികള്‍ക്കുള്ള വിസ നിയമങ്ങളില്‍ യുകെ സര്‍ക്കാരിന്റെ താല്‍ക്കാലിക ഇളവ്
  • ലിവര്‍പൂള്‍ സ്ട്രീറ്റ്, വാട്ടര്‍ലൂ ട്യൂബ് സ്റ്റേഷനുകള്‍ ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെ അടച്ചിടും
  • ലണ്ടനില്‍ കറുത്ത വര്‍ഗക്കാരന്‍ വെടിയേറ്റ് മരിച്ചു; പോലീസ് ജാഗ്രതയില്‍
  • ബ്രിട്ടന്‍ മോഷണ പരമ്പരകളുടെ പിടിയില്‍; അന്വേഷിക്കാന്‍ താല്‍പര്യമില്ലാതെ പോലീസും, ഷോപ്പ് ജീവനക്കാര്‍ സുരക്ഷാഭീഷണിയില്‍
  • സമരത്തിനിടെ ജോലിക്ക് കയറുന്ന ഡോക്ടര്‍മാരെ ചതിയന്‍മാരെന്ന് വിളിച്ച് സമരക്കാര്‍
  • മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കാര്‍ നദിയില്‍ വീണ് മരിച്ചു
  • യുകെയിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരനായ ബിജു മാത്യു ന്യൂകാസിലില്‍ അന്തരിച്ചു
  • ക്രിസ്മസ് പാര്‍ട്ടിക്കിടെ സ്റ്റോക്ക് ഓണ്‍ ട്രെന്റ് മലയാളി കുഴഞ്ഞു വീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions